covid

ലക്‌നൗ: ഉത്തർപ്രദേശിലെ ബൽറാംപൂരിൽ സർക്കാർ ഓഫീസിന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം പൊലീസ് നോക്കി നിൽക്കെ, മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാർ മാലിന്യവണ്ടിയിൽ കയറ്റി മോർച്ചറിയിലെത്തിച്ചു.

കൊവിഡ് ബാധിച്ചാവാം മരണമെന്ന് കരുതിയാണിത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ മൂന്ന് പൊലീസുകാരെയും മൂന്ന് കോർപ്പറേഷൻ ജീവനക്കാരെയും സസ്‌പെൻഡ് ചെയ്തു.

ബൽറാംപൂർ സ്വദേശിയായ മുഹമ്മദ് അൻവറാണ് (45) മരിച്ചത്. പ്രദേശത്തെ സർക്കാർ ഓഫീസിലെത്തിയ അദ്ദേഹം പ്രവേശന കവാടത്തിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മനുഷ്യത്വ രഹിതമായ സംഭവമാണ് നടന്നതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു. കൊവിഡ് ഭീതിയും അജ്ഞതയും മൂലമാണ് ഇങ്ങനെ പെരുമാറിയത്. പൊലീസിന്റെയും കോർപ്പറേഷൻ ജീവനക്കാരുടെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. കൊവിഡ് സംശയിക്കുന്ന ആളെ പി.പി.ഇ സ്യൂട്ട് ധരിച്ച് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കേണ്ടതായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും സൂപ്രണ്ട് പറഞ്ഞു. മരിച്ച മുഹമ്മദ് അൻവറിന് കൊവിഡ് ഉണ്ടോ എന്നകാര്യം വ്യക്തമായിട്ടില്ല