pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നത് കേന്ദ്ര സർക്കാരിന്റെ തീരുമാനപ്രകാരമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചില്ലായിരുന്നുവെങ്കിൽ എന്തായിരിക്കും സ്ഥിതിയെന്നും ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല എന്ന് പറഞ്ഞവർ തന്നെ 'പ്ളേറ്റ് തിരിച്ചു വയ്ക്കുമായിരുന്നില്ലേ' എന്നും മുഖ്യമന്ത്രി ചോദിച്ചു.

ആരാധനാലയങ്ങൾ തുറന്ന വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ കെ,സുരേന്ദ്രൻ എന്നിവർ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'ഭക്തരുടെ വികാരം ഉൾക്കൊള്ളാത്ത ഒരു സർക്കാരാണിവിടെ ഉള്ളത് എന്നല്ലേ അവർ പറയുക? ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശ്വാസ സമൂഹവുമായി ചർച്ച ചെയ്ത് തീരുമാനിക്കുക എന്ന നിലപാടാണ് ഞങ്ങൾ തുടക്കം മുതൽ തന്നെ എടുത്തത്. സംസ്ഥാനത്തുള്ള ഹിന്ദു, മുസ്ലിം ക്രൈസ്തവ വിഭാഗങ്ങളിലെ പ്രധാനികളെ വിളിച്ച് ഇക്കാര്യം ചർച്ച ചെയ്തു. അവർ പൊതുവെ തീരുമാനിച്ചത് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരാധനാലയങ്ങൾ തുറക്കാം എന്നതാണ്. അങ്ങനെ ഒരു അഭിപ്രായം വന്നപ്പോൾ സർക്കാർ എതിര് നിന്നില്ല എന്ന് മാത്രം.' മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രസ്താവനകൾ നടത്തുമ്പോൾ നേരത്തെ വിഷയത്തിൽ നടത്തിയ പ്രസ്താവനകൾ കൂടി ഓർക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തെ കുറിച്ച് മറ്റുള്ള ചിലർ നടത്തിയ പ്രസ്താവനകളും ഓർക്കണമെന്നും എന്തുകൊണ്ട് ആരാധനാലയങ്ങൾ തുറക്കുന്നില്ല എന്നതായിരുന്നു കുറച്ചുകാലം മുൻപുവരെയുള്ള ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സംസ്ഥാന സർക്കാർ നിൽക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.