case-diary-

ചെന്നൈ : കൊവിഡ് നിയന്ത്രണങ്ങൾക്കിടെ നടത്തിയ വിവാഹത്തിന് പിന്നാലെ ആദ്യരാത്രിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ മിഞ്ചുർ സ്വദേശി നീതിവാസനെയാണ് (24) ഭാര്യ സന്ധ്യയെ (20) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബുധനാഴ്ചയായിരുന്നു ഇവരുടെ വിവാഹം നടന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇരുപതോളം പേർ മാത്രമായിരുന്നു വിവാഹചടങ്ങിൽ പങ്കെടുത്തത്.

ബുധനാഴ്ച രാത്രി ദമ്പതികളുടെ മുറിയിൽ നിന്ന് സന്ധ്യയുടെ കരച്ചിൽ കേട്ടാണ് വീട്ടുകാർ വിവരമറിയുന്നത്. മുറി തുറന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു യുവതി. സമീപത്ത് കമ്പിപ്പാരയും ഉണ്ടായിരുന്നു. നീതിവാസൻ മുറിയിൽ ഉണ്ടായിരുന്നില്ല. ഉടനെ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നീതിവാസനെ സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പൊന്നേരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണം കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.