ന്യൂഡൽഹി: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരുടെ കാര്യത്തിൽ കേരളം സ്വീകരിച്ച മാതൃക ഇന്ത്യ ദേശീയതലത്തിൽ പിന്തുടർന്നിരുന്നുവെങ്കിൽ രാജ്യം ഇന്നു കാണുന്ന അവസ്ഥയിൽ എത്തില്ലായിരുന്നുവെന്ന് എയിംസ് മുൻ ഡയറക്ടർ. രാജ്യത്ത് തുടക്കത്തിൽ റിപ്പോർട്ട് ചെയ്ത ഭൂരിഭാഗം കേസുകളും പുറത്തുനിന്ന് വന്നവർക്കായിരുന്നു. കൊവിഡ് കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ
വിദേശത്ത് നിന്നെത്തുന്നവരെ എങ്ങനെയാണ് സ്‌ക്രീൻ ചെയ്യേണ്ടതെന്നും തുടർനടപടികൾ എങ്ങനെയായിരിക്കണമെന്നും കേരളം ഒരു നല്ല മാതൃക രാജ്യത്തിന് കാണിച്ചുതന്നതാണ്. രാജ്യം അത് പിന്തുടർന്നിരുന്നുവെങ്കിൽ നമ്മളിപ്പോൾകുറേക്കൂടി നല്ല അവസ്ഥയിലാകുമായിരുന്നെന്നും മിശ്ര പറഞ്ഞു.
അതേസമയം രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.. സമൂഹവ്യാപനം ഇല്ലെങ്കിൽ പിന്നെന്തുകൊണ്ടാണ് ഒരുദിവസം പതിനായിരത്തിന് അടുത്ത് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഡോ..മിശ്ര ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഉറവിടം കണ്ടെത്താനാകാത്ത നിരവധി കേസുകളുണ്ട്. അതുകൊണ്ട് സമൂഹവ്യാപനം ഉണ്ടായെന്ന് തന്നെയാണ് കരുതേണ്ടതെന്നും അദ്ദേഹം പറഞ്ഞു.