
സിഡ്നി : ആസ്ട്രേലിയയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന മലയാളി നഴ്സിന് നന്ദി പറഞ്ഞ് മുൻ ആസ്ട്രേലിയൻ സൂപ്പർ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആദം ഗിൽക്രിസ്റ്റ്. കോട്ടയം കുറപ്പന്തറ സ്വദേശി ഷാരോൺ വർഗീസിനെയാണ് ഗിൽക്രിസ്റ്റ് പ്രശംസകൊണ്ട് മൂടിയത്. ആസ്ട്രേലിയിൽ നഴ്സിംഗ് പഠനം നടത്തിയ ഷാരോൺ തുടർന്ന് അവിടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിയിലുണ്ടായിരുന്നു. കൊവിഡ് പിടിമുറക്കിയ സമയത്ത് മറ്ര് രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ സഹായം ആസ്ട്രേലിയ തേടിയിരുന്നു. ഈ സമയത്ത് താൻ ആസ്ട്രേലിയയിൽ നിന്ന് പ്രവർത്തിക്കുമെന്ന് 23 കാരിയായ ഷാരോൺ ഒരു വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഈ വീഡിയോ കണ്ടശേഷമാണ് ഗിൽക്രിസ്റ്റ് ഷാരോണിന് പ്രശംസയുമായെത്തിയത്.
ഷാരോൺ നിന്റെ നിസ്വാർത്ഥമായ പ്രവർത്തിക്ക് നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. എല്ലാ ആസ്ട്രേലിയക്കാരും ഇന്ത്യക്കാരും പ്രത്യേകിച്ച് നിന്റെ കുടുംബവും നിന്റെ പ്രവർത്തിയെ ഓർത്ത് ഏറെ അഭിമാനിക്കുന്നു. - ആസ്ട്രേലിയൻ ട്രെയ്ഡ് ആൻഡ് കമ്മിഷൻ ട്വീറ്ര് ചെയ്ത വീഡിയോയിൽ ഗിൽക്രിസ്റ്റ് പറഞ്ഞു.
കുവൈത്തിൽ നഴ്സായ ഷാരോണിന്റെ അമ്മ അവിടെ കൊവിഡ് രോഗികളെ ശുശ്രൂഷിക്കുകയാണ്. പിതാവ് ലാലിച്ചനും കുവൈറ്രിലാണ്,.