
തിരുവനന്തപുരം: ആർ.എം.പി സ്ഥാപകനും നേതാവുമായ ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏറെ നാളുകളായി ചികിത്സയിലായിരുന്നു കുഞ്ഞനന്തൻ. കണ്ണൂരിലെ സി.പി.എം നേതാവും ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതിയുമായ കുഞ്ഞനന്തന് ഹൈക്കോടതി ഈയിടെ ഇടക്കാല ജാമ്യം അനുവദിച്ചത് വിവാദമായിരുന്നു.
കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന കുഞ്ഞനന്തന് ചികിത്സയുടെ ഭാഗമായാണ് മൂന്ന് മാസത്തേക്ക് ഹൈകോടതി ഇടക്കാല ജാമ്യം നൽകിയത്. ജയില്‍ ശിക്ഷ റദ്ദാക്കി കൊണ്ടാണ് താത്കാലികമായി കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.
ഇത്രയും നാൾ നടത്തിയ ചികിത്സകള്‍ മതിയാകില്ലെന്നും ആശ്രുപത്രിയില്‍ അഡ്മിറ്റായുള്ള ചികിത്സ വേണമെന്നും കുഞ്ഞനന്തൻ ആവശ്യപ്പെട്ടിരുന്നു. 2012 മെയ് നാലിനാണ് കോഴിക്കോട്ടെ ഒഞ്ചിയത്ത് വച്ച് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. ഒരു വിവാഹത്തിൽ പങ്കെടുത്ത് ബൈക്കിൽ മടങ്ങി വരികയായിരുന്ന ചന്രശേഖരനെ അക്രമിസംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം അതിക്രൂരമായി വെട്ടികൊല്ലപ്പെടുത്തുകയായിരുന്നു.