റിയാദ്: ജലപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചുകൊണ്ടിരുന്ന പൈപ്പിനുള്ളിൽ കുടുങ്ങി ആറുതൊഴിലാളികൾ മരിച്ചു. റിയാദിലെ അസീസിയ പ്രവിശ്യയിലാണ് അപകടം നടന്നത്. എന്നാൽ തൊഴിലാളികൾ ഏത് രാജ്യക്കാരാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഇവിടുത്തെ ജലപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പൈപ്പിനകത്താണ് തൊഴിലാളികൾ മരിച്ചത്. 400 മീറ്റർ നീളവും ഒരു മീറ്റർ വ്യാസവുമുള്ള പൈപ്പിനകത്ത് തൊഴിലാളികൾ പുറത്തുകടക്കാൻ കഴിയാതെ കുടുങ്ങുകയായിരുന്നു. തൊഴിലാളികളെ കാണാതായതായി സിവിൽ ഡിഫൻസിൽ ലഭിച്ച വിവരം അനുസരിച്ച് നടത്തിയ തെരച്ചിലിലാണ് പൈപ്പിനകത്ത് ബോധരഹിതരായി കിടക്കുന്ന നിലയിൽ ആറു പേരെയും കണ്ടെത്തിയതെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. പൈപ്പിൽ ദ്വാരങ്ങളുണ്ടാക്കി ആറു പേരെയും പുറത്തെടുക്കുകയായിരുന്നു.