sunil-chethri

അന്താരാഷ്ട്ര കരിയറിൽ 15 വർഷം പൂർത്തിയാക്കി ഇന്ത്യൻ നായകൻ

ന്യൂഡൽഹി: താനിപ്പോഴും ഫുട്ബാൾ വളരെയേറെ ആസ്വദിക്കുന്നുവെന്നും ഇപ്പോഴൊന്നും വിരമിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യൻ സുനിൽ ഛെത്രി. അന്താരാഷ്ട്ര ഫുട്ബാളിൽ അരങ്ങേറിയിട്ട് പതിനഞ്ച് വർഷം തികച്ചിരിക്കുകയാണ് ഛെത്രി. ഇനിയും നാലഞ്ചുവർഷം ഫുട്ബാൾ കളിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷയെന്നും ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ഫേസ്ബുക്ക് പേജിലെ ലൈവ് ചാറ്രിൽ ഛെത്രി വ്യക്തമാക്കി.

15 വർഷം ഇന്ത്യയ്ക്കായി കളിക്കാൻ കഴിഞ്ഞത് അഭിമാനവും സ്വപ്നസാഫല്യവുമാണ്. ഇരുപത് വർഷം ദേശീയ കുപ്പായം അണിയുകയെന്നതാണ് ഇപ്പോൾ എന്റെ ലക്ഷ്യം. ഇന്ത്യൻ ടീമിൽ കളിക്കുന്ന സമയമത്രയും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷ. -ഛെത്രി പറഞ്ഞു. വൈകാതെ തന്റെ ജീവിത കഥ സിനിമയാകുമെന്നും ഛെത്രി വെളിപ്പെടുത്തി.

2005 ജൂൺ 12ന് ക്വറ്രയിൽ പാകിസ്ഥാനെതിരായാണ് ഛെത്രി അന്താരാഷ്ട്ര ഫുട്ബാളിൽ അരങ്ങേറിയത്.

നിലവിൽ 115 മത്സരങ്ങളിൽ നിന്ന് 72 ഗോളുകൾ നേടി ഇന്ത്യയ്ക്കായി ഏറ്രവും കൂടുതൽ ഗോളുകൾ നേടുന്ന താരവും ഏറ്രവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കാഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

ആന്താരാഷ്ട്ര തലത്തിൽ ഏറ്രവും കൂടുതൽഗോൾ നേടിയ താരങ്ങളിൽ പത്താം സ്ഥാനത്താണ് ഛെത്രി.

നിലവിൽകളിക്കുന്ന താരങ്ങളിൽ ക്രിസ്റ്ര്യാനൊ റൊണാൾഡോ മാത്രമാണ് ഈ റെക്കാഡിൽ ഛെത്രിക്ക് മുന്നിലുള്ളത്.

ഞാൻ ഇപ്പോഴും നല്ല ഫിറ്റാണ്. ആഷിഖ് കരുണിയനെയും ഉദ്ധാണ്ഡതാ സിംഗിനെയും എനിക്കൊപ്പം ഓട്ട മത്സരത്തിന് ഞാൻ വെല്ലുവിളിക്കുന്നു.ഇന്ത്യയ്ക്ക് വേണ്ടി സഹൽ കൂടുതൽ ഗോളുകളടിച്ച് എന്നെ പുറത്താക്കുമോയെന്ന് നോക്കട്ടെ.