തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് എൻ.ഒ.സി നൽകിയത് സാധാരണ നടപടിക്രമം മാത്രമാണെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിരപ്പിള്ളി നേരത്തെ തന്നെ സർക്കാർ നടപ്പാക്കാനുദ്ദേശിച്ച പദ്ധതിയാണ്. വലിയ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് പദ്ധതി മാറ്റിവച്ചിരുന്നു. ആ നില തന്നെയാണ് ഇപ്പോഴും. പദ്ധതി തുടങ്ങുന്നെങ്കിൽ എല്ലാവരുമായും ചർച്ച ചെയ്തശേഷമായിരിക്കും- മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതി
നടപ്പാക്കുമെന്ന്
സർക്കാർ
പറഞ്ഞിട്ടില്ല: കാനം
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാനസർക്കാർ പറഞ്ഞിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മാറിമാറി വരുന്ന സർക്കാരുകൾക്ക് മുന്നിൽ വൈദ്യുതിബോർഡ് നിർദ്ദേശങ്ങൾ വയ്ക്കാറുണ്ട്. അത്തരത്തിലൊരു സ്വാഭാവിക തുടർച്ച മാത്രമാണ് ഇപ്പോഴത്തെ എൻ.ഒ.സി നൽകൽ.
എന്ത് വില
കൊടുത്തും തടയും: കിസാൻ സഭ
മാള: അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ സി.പി.ഐ കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭ രംഗത്ത്.
പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ തൃശൂർ, എറണാകുളം ജില്ലകളിലെ കർഷകരെ പങ്കെടുപ്പിച്ച് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.വി വസന്ത് കുമാറും, പ്രസിഡന്റ് കെ.കെ രാജേന്ദ്രബാബുവും പറഞ്ഞു.