petrol

കൊച്ചി: തുടർച്ചയായ അഞ്ചാംദിനവും പെട്രോൾ, ഡീസൽ വില കൂടി. ഇന്നലെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 60 പൈസ വർദ്ധിച്ച് 75.72 രൂപയായി. ഡീസലിന് 57 പൈസ ഉയർന്ന് 69.85 രൂപയുമായി. അഞ്ചുദിവസത്തിനിടെ പെട്രോളിന് 2.73 രൂപയും ഡീസലിന് 2.66 രൂപയുമാണ് കൂട്ടിയത്.

മാർച്ചിലും മേയിലുമായി കേന്ദ്രസർക്കാർ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും എക്‌സൈസ് നികുതി കൂട്ടിയിരുന്നു. എണ്ണക്കമ്പനികൾ വഹിക്കുന്ന ഈ നികുതിഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് വിലവർദ്ധന. വരും ദിനങ്ങളിലും വില ഉയരും. അതേസമയം, ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില (ഇന്ത്യൻ ബാസ്‌കറ്ര്) താഴ്‌ന്ന് ബാരലിന് 40.54 ഡോളറിലെത്തി. 42.29 ഡോളറായിരുന്നു ജൂൺ എട്ടിന് വില.