ദമ്മാം: കൊവിഡ് രോഗത്തിന്റെ സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയ വന്ദേ ഭാരത് മിഷനിൽ അമിതമായി കൂട്ടിയ ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ പിൻവലിച്ചു. മൂന്നാംഘട്ടത്തിന്റെ ഭാഗമായി ഈ വരുന്ന പതിമൂന്നാം തീയതി മുതൽ സൗദിയിൽ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നടത്തുന്ന വിമാന സേവനങ്ങൾക്കാണ് വിലക്കുറവ് ബാധകം.
അപ്രതീക്ഷിതമായി ഇരട്ടിയാക്കി വർദ്ധിപ്പിച്ച വിമാനച്ചാർജാണ് ഇപ്പോൾ പഴയ നിരക്കിലേക്ക് കുറച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്ക് ഇരട്ടിയായി വർദ്ധിപ്പിച്ച നടപടി വ്യാപക പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ചാണ് വില വർദ്ധിപ്പിച്ചതെന്നായിരുന്നു എയർ ഇന്ത്യയുടെ വിശദീകരണം നൽകിയിരുന്നത്. രണ്ടാം ഘട്ടത്തിൽ കൂടിയ നിരക്കിലാണ് ആളുകൾ യാത്ര ചെയ്തത്. മൂന്നാം ഘട്ടത്തിലും തുടക്കത്തിൽ ഉയർന്ന നിരക്കാണ് ഇൗടാക്കിയിരുന്നത്. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ സൗദിയിലെ എല്ലാ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി രംഗത്ത് വന്നിരുന്നു.