
കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് ഭരണം മാറുന്നതിന് പുതിയ ഫോർമുലയുമായി ജോസ് കെ.മാണി. മാണി-ജോസഫ് ലയനസമയത്തെ സീറ്റ് അനുപാതം വരുന്ന തെരഞ്ഞെടുപ്പിലും നടപ്പാക്കണമെന്നാണ് പ്രധാന ഉപാധി. വിഷയം ചർച്ച ചെയ്യാൻ ജോസഫ് വിഭാഗം ഇന്ന് ചങ്ങനാശ്ശേരിയിൽ നിർണായക യോഗം ചേരും.
തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് അംഗീകരിച്ചാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വിട്ടുനല്‍കും. എന്നാൽ മുസ്ലീംലീഗ് നേതാക്കളുടെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിലെ ഉപാധികൾ പൂർണ്ണമായും തള്ളാൻ ഇരുവിഭാഗവും തയ്യാറല്ല. തർക്കം നീട്ടിക്കൊണ്ട് പോകരുതെന്ന് യു.ഡി.എഫ് നേതാക്കൾ നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നര ദിവസത്തെ മാരത്തോൺ ചർച്ചക്കൊടുവിലാണ് ചില വിട്ടുവീഴ്ചകൾക്ക് ജോസ് വിഭാഗം തയ്യാറായത്. മാണി ജോസഫ് ലയനസമയത്ത് അംഗീകരിച്ച അനുപാതത്തിൽ ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലും സീറ്റ് വീതം വയ്ക്കണം. അതായത് പിടിച്ചെടുത്ത സീറ്റുകൾ നൽകണമെന്നാണ് ജോസ് വിഭാഗത്തിന്‍റെ പ്രധാന ആവശ്യം.
അതേസമയം ചങ്ങനാശേരി നഗരസഭയിൽ ഇന്ന് ചെയർമാൻ തിരഞ്ഞെടുപ്പ് നടക്കും.യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ ധാരണ പ്രകാരം ജോസ് വിഭാഗത്തിലെ ലാലിച്ചൻ കുന്നിപ്പറമ്പിൽ രാജി വയ്ക്കാത്തതോടെയായിരുന്നു തർക്കങ്ങൾ തുടങ്ങിയത്. പിന്നീട് ഇരുവിഭാഗങ്ങളും ധാരണയിലെത്തി ജോസഫ് വിഭാഗത്തിലെ സാജൻ ഫ്രാൻസിസിനെ ചെയർമാനാക്കാൻ തീരുമാനമായി.സാജനെ പിന്തുണയ്ക്കാൻ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗം ചേർന്ന് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.