കണ്ണൂര്‍: സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തന്‍റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കണ്ണൂരിൽ നടക്കും. ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തൻ കഴിഞ്ഞ രണ്ടു വർഷത്തോളമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആന്തരിക അവയവങ്ങളിൽ അണുബാധ കൂടിയതോടെ ഞായറാഴ്ചയാണ് ഐ.സി.യുവിലേക്ക് മാറ്റിയത്. ഇന്നലെ രാത്രി ഒമ്പതരയോടെ അദേഹം മരണത്തിന് കീഴടങ്ങി.
ടി.പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പികെ കുഞ്ഞനന്തൻ. 2014 ജനുവരി 24 നാണ് ഗൂഢാലോചന കേസിൽ പി.കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. എന്നാല്‍ അനാരോഗ്യം മൂലം മൂന്ന് മാസത്തേക്ക് ഇദ്ദേഹത്തിന് ശിക്ഷ മരവിപ്പിക്കുകയായിരുന്നു. കേരള ഹൈക്കോടതി മൂന്ന് മാസത്തേക്കാണ് ജാമ്യം അനുവദിച്ചിരുന്നത്. കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരത്ത് നിന്ന് പാനൂരിലേക്ക് എത്തിച്ച മൃതദേഹം രാവിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്.തുടർന്ന് പാറാട് ടൗണിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം 12 മണിക്ക് വീട്ടുവളപ്പിൽ സംസ്‌കരിക്കും.