ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ കൊവിഡ് ചികിത്സയ്ക്കുള്ള ഐ.സി.യു ബെഡുകള്‍, വെന്‍റിലേറ്ററുകള്‍ എന്നിവയ്ക്ക് കുറവുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, യു.പി സംസ്ഥാനങ്ങളില്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ക്ഷാമം നേരിട്ടേക്കുമെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു നടപടിയും ഉണ്ടാവുന്നില്ലെന്ന് സംസ്ഥാനങ്ങൾ ആരോപിച്ചു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് രോഗബാധിതരുടെയെണ്ണം മൂന്ന് ലക്ഷത്തോടടുത്തിരിക്കുകയാണ്. 79 ദിവസത്തെ ലോക്ക് ഡൗൺ പിന്നിടുമ്പോൾ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന ഇപ്പോഴും തുടരുകയാണ്.
ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത് അമേരിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി പതിനായിരത്തിനടുത്ത് പേർക്കാണ് ദിവസവും രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും പിന്നാലെ കോവിഡ് മരണം ആയിരം കടക്കുന്ന സംസ്ഥാനമായി ഡൽഹി മാറി. പതിനഞ്ച് സംസ്ഥാനങ്ങളിലാണ് ഇന്നലെ മാത്രം നൂറിലധികം പേർക്ക് വൈറസ് ബാധ കണ്ടെത്തിയത്.