തിരുവനന്തപുരം: ഭാര്യയെ തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചശേഷം റിട്ട.എ.എസ്.ഐ വീട്ടിൽ തൂങ്ങിമരിച്ചു. വട്ടിയൂർക്കാവ് തൊഴുവൻകോട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പൊന്നനാണ്(75) മരിച്ചത്. തലയ്ക്ക് വെട്ടേറ്റ ഭാര്യ ലീലയെ (73)മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വെളിപ്പെടുത്തി. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം.
പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചശേഷം പൊന്നനും ഭാര്യയും മാത്രമായിരുന്നു ഇവിടെ താമസം. ഭാര്യയുമായി വഴക്കിട്ട പൊന്നൻ അവരെ അടുക്കളയിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തത്തിൽ കുളിച്ച ലീല ബോധരഹിതയായി. ലീലയ്ക്ക് അനക്കമില്ലെന്ന് കണ്ട പൊന്നൻ ഭാര്യ മരിച്ചെന്ന് കരുതി തൂങ്ങിമരിച്ചതാകാമെന്നാണ് കരുതുന്നത്.
വീട്ടിലെത്തിയ അയൽവാസിയാണ് സംഭവം പൊലീസിനെ അറിയിച്ചത്. ലീലയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.വട്ടിയൂർക്കാവ് സി.ഐ ദീപുവിന്റെ നേതൃത്വത്തിൽ പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. പൊന്നന്റെ മൃതദേഹം അൽപ്പസമയത്തിനകം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.