തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വരാനായി വിവിധ രാജ്യങ്ങളിൽ നിന്ന് അനുമതി കാത്തുകിടക്കുന്നത് 407 ചാർട്ടേഡ് വിമാനങ്ങൾ. മുന്നൂറോളം ചാർട്ടേഡ് വിമാനങ്ങൾ ഉടനെത്തുമെന്നാണ് സംസ്ഥാന സർക്കാർ കണക്കുകൂട്ടുന്നത്. ഇതിൽ അമ്പതിനായിരത്തിനും ഒരുലക്ഷത്തിനുമിടയിൽ ആളുകളെയാണു പ്രതീക്ഷിക്കുന്നത്.
വിമാനം വരുന്നതിന് മൂന്നുദിവസം മുമ്പുമാത്രമാണ് യാത്രക്കാരുടെ പട്ടിക അതത് എംബസികൾ സർക്കാരിന് കൈമാറുക. സംസ്ഥാനത്ത് ഇതുവരെ തിരിച്ചെത്തുന്നവരിൽ 64 ശതമാനം സ്ത്രീകളും പ്രായമായവരും കുട്ടികളുമടങ്ങുന്ന ദുർബല വിഭാഗമാണ്. തിരിച്ചെത്തിയവരിൽ യു.എ.ഇ., സൗദി, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽനിന്നെത്തിയവർക്കാണ് രോഗബാധ കൂടുതൽ. ഇതിൽ 665 പേർ ഐസൊലേഷനിലാണ്. വിദേശത്തുനിന്നെത്തിയവരിൽ 3692 പേർ ഗർഭിണികളായിരുന്നു. ഇതിൽ 34 പേർ കപ്പൽമാർഗമെത്തിയവരാണ്.
സംസ്ഥാനത്തെത്തിയവരിൽ 1480 പേർ വയോജനങ്ങളും 4507 പേർ പത്തുവയസിൽ താഴെയുള്ള കുട്ടികളുമായിരുന്നു.അതേസമയം സംസ്ഥാനത്തേക്ക് ഇനി മടങ്ങിയെത്തുന്നവപിൽ 64 ശതമാനം പേരും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ഏഴു ജില്ലകളിൽനിന്നുള്ളവരാണ്. ഇതോടെ ഈ ജില്ലകളിൽ നിരീക്ഷണ നടപടികൾ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ആവശ്യമായവർക്ക് നിരീക്ഷണകേന്ദ്രം ഒരുക്കാനും മറ്റുള്ളവർ വീടുകളിൽ കഴിയുമ്പോൾ നിരീക്ഷണ ലംഘനമില്ലെന്നുറപ്പാക്കാനും തദ്ദേശസ്ഥാപനങ്ങൾക്കും പൊലീസിനും സർക്കാർ നിർദേശം നൽകി.