pic

തിരുവനന്തപുരംഃ ദേശീയപാതയിൽ കല്ലമ്പലത്തിന് സമീപവും ആറ്റിങ്ങലിലും ഇന്ന് പുലർച്ചെയുണ്ടായ അപകടങ്ങളിൽ രണ്ടുപേർ മരിച്ചു. ആറ്റിങ്ങൽ മൂന്നുമുക്കിൽ ഇന്ന് പുലർച്ചെ 2.30ന് ഉണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി സ്റ്റീഫനാണ് മരിച്ചത്. ദേശീയപാതയുടെ നിർമാണ ജോലികൾ നടക്കുന്ന സ്ഥലത്ത് നിറുത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ തമിഴ്നാട് രജിസ്ട്രേഷൻ ലോറി ഇടിച്ചായിരുന്നു അപകടം. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയിലെ ക്ലീനറായിരുന്നു സ്റ്റീഫൻ.ഡ്രൈവർ അപ്പുക്കുട്ടനെ പരിക്കുകളോടെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊലീസെത്തിയാണ് ഇവരെ ലോറിയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. സ്റ്റീഫന്റെ മൃതദേഹം പോസ്റ്റുമോ‌ർട്ടത്തിനുശേഷം പിന്നീട് ബന്ധുക്കൾക്ക് കൈമാറും.ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.

നാവായിക്കുളം ഡീസന്റ് മുക്കിന് സമീപം ഇന്ന് രാവിലെ ആറുമണിയോടെ ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞായിരുന്നു രണ്ടാമത്തെ അപകടം. ബൈക്ക് ഓടിച്ചിരുന്ന പലവക്കോട് കാട്ടുപുതുശേരി എഫ്.എഫ് മൻസിലിൽ മുഹമ്മദ് ഫൈസിയാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ പരിക്കുകളോടെ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ മുഹമ്മദ് ഫൈസിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോ‌ർച്ചറിയിലേക്ക് മാറ്റി. കല്ലമ്പലം പൊലീസ് കേസെടുത്തു.