sachin-pilot-

ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വിലപ്പോകില്ലെന്ന പ്രത്യാശയിൽ കോൺഗ്രസ്.ബി.ജെ.പിയുടെ ശ്രമം വിജയിക്കില്ലെന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയും പി.സി.സി ഉപാദ്ധ്യക്ഷനുമായ രഘുശർമ അഭിപ്രായപ്പെട്ടു.200 അംഗനിയമസഭയിൽ 124 അംഗങ്ങളുടെ പിന്തുണ സർക്കാരിനുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ രണ്ടുസ്ഥാനാർഥികളും വിജയിക്കും. സി.പി.എം അംഗങ്ങൾ സർക്കാരിനെ പിന്തുണയ്‌ക്കും- രഘുശർമ പറഞ്ഞു.

അട്ടിമറി ശ്രമം ഒഴിവാക്കുന്നതിന്റെ ഭാഗമായി എം.എൽ.എമാരെ ഇപ്പോഴും റിസോർട്ടിൽ തന്നെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവരുമായി കോൺഗ്രസിന്റെ ദേശീയ നേതാക്കളുൾപ്പെടെയുള്ളവർ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് റിപ്പോർട്ട്. ബി.ജെ.പിയുടെ നീക്കത്തെ കാര്യക്ഷമമായി പ്രതിരോധിക്കാൻ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ഇപ്പോൾ. രാജ്യസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ അട്ടിമറി നീക്കം സംസ്ഥാനത്തെ കോൺഗ്രസിൽ ചെറുതല്ലാത്ത അങ്കലാപ്പാണ് ഉണ്ടാക്കിയത്.

അതേസമയം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങൾ പാർട്ടിക്കുളളിൽ കല്ലുകടിയായി നിൽക്കുകയാണ്.ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്ന് പറയുമ്പോഴും പൈലറ്റിനെ അനുനയിപ്പിക്കാനള്ള ചർച്ചകൾ ദേശീയനേതാക്കൾ നടത്തുന്നുണ്ട്.