തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി മന്ത്രിസഭയില്‍ ആലോചിച്ചിട്ടില്ലെന്നും, ഒരു തരത്തിലും നടപ്പിലാക്കാൻ സാധിക്കില്ലെന്നും വനം മന്ത്രി കെ.രാജു. ഘടക കക്ഷികള്‍ക്ക് തന്നെ ഇതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും വനംമന്ത്രി വ്യക്തമാക്കി.സമവായം ഉണ്ടെങ്കില്‍ മാത്രമേ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് വൈദ്യുതി വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.
അതിരപ്പിള്ളി പദ്ധതിക്കായി 2007ല്‍ മന്ത്രാലയം നല്‍കിയ പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2017ല്‍ അവസാനിച്ചു. അനുമതിയുടെയെല്ലാം കാലാവധി സമ്പൂര്‍ണമായും അവസാനിച്ച പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു. 2001ല്‍ ഹൈക്കോടതി പ്രദേശത്തെ മരം മുറിക്കുന്നത് സ്റ്റേ ചെയ്തിരുന്നു. പൊതുജനങ്ങളെ കേള്‍ക്കാതെയും, മഴക്കാലത്ത് മാത്രം നടത്തിയ പഠനത്തേയും അടിസ്ഥാനപ്പെടുത്തിയാണ് പാരിസ്ഥിതിക അനുമതി നല്‍കിയതെന്ന നിഗമനത്തില്‍ 2001ല്‍ പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതി റദ്ദാക്കിയിരുന്നു.
ഈ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള സംഗതിയാണെന്നും അദ്ദേഹം പറഞ്ഞു. അനുമതി ലഭിച്ചെങ്കിലും നടത്താന്‍ കഴിയാതിരുന്ന പദ്ധതിയാണിതെന്നും, വാഴച്ചാല്‍ ഊരുകൂട്ടത്തെ പ്രതിനിധികരിച്ച ഗീത നല്‍കിയ കേസ് ഹൈക്കോടതിയില്‍ തീര്‍പ്പാക്കാതെ കിടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.