കോട്ടയം: മൂലമറ്റത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവാവ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് പെൺകുട്ടിയുടെ വീട്ടിൽ സഹായിയായി താമസിച്ച്. വിവാഹവാഗ്ദാനം നല്കിയാണ് ഒരുവർഷക്കാലം ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതെങ്കിലും അതിൽനിന്നും പിന്തിരിഞ്ഞുവെന്ന് അറിവായതോടെയാണ് 16 കാരിയായ പെൺകുട്ടി ജീവൻ ഒടുക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഫെബ്രുവരി 18നാണ് പെൺകുട്ടി തൂങ്ങിമരിച്ചത്. മരണം തൂങ്ങിമരണമാണെങ്കിലും കാരണം വ്യക്തമായിരുന്നില്ല.
കഴിഞ്ഞദിവസം കാഞ്ഞാർ സ്റ്റേഷനിൽ ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇടുക്കി മൂലമറ്റം എടാട് കൊല്ലക്കൊമ്പിൽ നിഥിനാണ് (21) അറസ്റ്റിലായത്. പെൺകുട്ടിയെ നിരന്തരം ശാരീരികമായി പീഡിപ്പിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു.
കൂടാതെ പെൺകുട്ടിയുടെ മാതാവിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെന്നും പ്രതി പറഞ്ഞു. പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി നിരന്തരം പീഡിനത്തിന് വിധേയമായതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ മൊബൈൽഫോണിൽ നിന്നും പെൺകുട്ടിയുടെ നിരവധി ചിത്രങ്ങളും മറ്റ് രേഖകളും കണ്ടെത്തി. ഇയാളെ പോട്ടൻഷ്യൽ ടെസ്റ്റിന് വിധേയനാക്കി. കാഞ്ഞാർ സി.ഐ വി.വി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.