കോട്ടയം: ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ഡെങ്കിപ്പനി പടരുന്നു. ജാഗ്രതാ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. ഇന്നലെ എരുമേലിയിൽ ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. കൂരോപ്പടയിൽ രണ്ടു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ നഗരത്തിന് സമീപം രണ്ട് പഞ്ചായത്തുകളിലും ഡെങ്കിപ്പനി പടരുന്നുണ്ട്. മൂലമറ്റത്തും അറക്കുളത്തും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ആയവനയിലും ഡെങ്കി പടരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ ജനം ആശങ്കയിലാണ്.
എരുമേലിയിൽ പാത്തിക്കക്കാവ് പതാലിപ്പറമ്പിൽ മുഹമ്മദിന്റെ ഭാര്യ ഷൈലജയാണ് (57) ഇന്നലെ മരിച്ചത്. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷൈലജയ്ക്ക് ഡെങ്കിപ്പനിയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് ഭീഷണി നിലനില്ക്കുമ്പോഴാണ് ഡെങ്കിപ്പനി പടരുന്നത്. പനി കുറഞ്ഞ് ആശുപത്രി വിട്ട് വീട്ടിൽ എത്തി ആഴ്ചകൾ തികയും മുമ്പേ വീണ്ടും പനി വരുന്നത് ജനങ്ങളെ ദുരിതത്തിലാക്കി. കൊതുക് നശീകരണവുമായി ആരോഗ്യവകുപ്പ് രംഗത്ത് വന്നിട്ടുണ്ട്. അറക്കുളം, ഇലപ്പള്ളി, മണപ്പാടി, മൂലമറ്റം പ്രദേശങ്ങളിൽ കൂടുതൽ പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്.
ആയവനയിൽ ആരോഗ്യ വിഭാഗത്തിന്റെ കണക്കനുസരിച്ച് ഒൻപതു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ കൂടുതൽ ആളുകൾ രോഗലക്ഷണവുമായി ചികിത്സ തേടുന്നുണ്ട്. ആയവന ഗ്രാമപഞ്ചായത്തിന്റെ തൊട്ടടുത്ത പഞ്ചായത്തായ വാരപ്പെട്ടി പഞ്ചായത്തിൽ നിരവധിയാളുകൾക്ക് ഡെങ്കിപ്പനി പിടിപെട്ടിരുന്നു. ഇതിനടുത്ത പ്രദേശങ്ങളിലാണ് ആദ്യം ഡെങ്കിപ്പനി കണ്ടെത്തിയത്. ഡെങ്കിപ്പനി സ്ഥിരീകരിച്ച വാർഡുകളിൽ കൊതുക് നശീകരണത്തിനുള്ള ഫോഗിംഗ് ഊർജ്ജിതമാക്കി.