
കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ബി.വി.എം കേളേജിനെതിരെ സര്‍വകലാശാല നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുമെന്ന് കേസന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി പൊലീസ് വ്യക്തമാക്കി. അഞ്ജുവിന്‍റെ കൈയ്യക്ഷര പരിശോധനയുടെ ഫലം രണ്ട് ദിവസത്തിനകം പുറത്ത് വരും.
കോപ്പിയടി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അഞ്ജുവിന്‍റെ കൈയ്യക്ഷര പരിശോധന നടത്തുന്നത്. കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ നിന്ന് അഞ്ജുവിന്‍റെ പഴയ നോട്ട് ബുക്കുകള്‍ അന്വേഷണ സംഘം ശേഖരിച്ച് തിരുവന്തപുരം ഫോറൻസിക് ലാബിൽ അയച്ചു. തിങ്കളാഴ്ചയാണ് ഫലം വരിക. അഞ്ജുവിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘം പൊലീസ് വിപുലീകരിച്ചു.
അഞ്ജുവിന്‍റെ മരണത്തില്‍ ചേര്‍പ്പുങ്കല്‍ ബി.വി.എം കോളേജിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് സര്‍വകലാശാല നിയോഗിച്ച മൂന്നംഗ സമിതി കണ്ടെത്തിയത്. അഞ്ജുവിനെ അധിക സമയം ക്ലാസിലിരുത്തി മാനസികമായി തളര്‍ത്തി, ഹാള്‍ടിക്കറ്റും സി.സി.ടി.വി ദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചു. പരീക്ഷ നടത്തിപ്പിനുള്ള നിയമാവലി കോളേജ് ലംഘിച്ചുവെന്നിവയാണ് അന്വേഷണസമിതി കോളേജിനെതിരെ കണ്ടെത്തിയ കാര്യങ്ങൾ. സര്‍വകലാശാല സര്‍ക്കാരിന് നല്‍കുന്ന ഈ റിപ്പോര്‍ട്ട് പൊലീസ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും.
സര്‍വകലാശാല റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണ സംഘം കോളേജ് പ്രിൻസിപ്പലിന്‍റെയും അധ്യാപകരുടേയും മൊഴി രേഖപ്പെടുത്തും. തുടര്‍ന്ന് ആത്മഹത്യാ പ്രേരണാ കുറ്റം ഉള്‍പ്പെടെ ചുമത്താൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.