ന്യൂഡൽഹി : ഇന്ത്യയുടെ അധികാരപരിധിയിലുള്ള കാലാപാനി, ലിപുലേക്, ലിംപിയാദുര തുടങ്ങിയ സ്ഥലങ്ങളെ സ്വന്തം ഭൂപടത്തിലാക്കി ഭരണഘടന ഭേദഗതി നടത്തിയെടുക്കാൻ ആവേശം കാണിച്ച നേപ്പാൾ ഇപ്പോൾ സമവായത്തിന്റെ വഴിയിലേക്ക്. അതിർത്തി തർക്കത്തിൽ ചൈനയുമായി ചർച്ചനടത്താൻ ഇന്ത്യ കാണിച്ച വലിയ മനസ് എന്തേ തങ്ങളോടില്ല എന്ന പരിഭവമാണ് നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി പങ്കുവച്ചിരിക്കുന്നത്. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.
ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ ഏറെക്കാലമായി നേപ്പാൾ അവകാശം ഉന്നയിക്കുന്നുണ്ട്. എന്നാൽ സമാധാന ചർച്ചയുടെ വഴിയാണ് അപ്പോഴെല്ലാം ഇന്ത്യ സ്വീകരിച്ചിരുന്നത്.
എന്നാൽ അടുത്തിടെയാണ് വിഷയത്തിൽ ഏകപക്ഷീയമായി നേപ്പാൾ തീരുമാനമെടുക്കാൻ മുതിർന്നത്. ഇതിന്റെ ആദ്യ പടിയായി തർക്കപ്രദേശങ്ങളെ സ്വന്തം ഭൂപടത്തിൽ ഉൾക്കൊള്ളിക്കുകയും ഇതിനെ പാർലമെന്റിൽ അവതരിപ്പിച്ച് ഭരണഘടന ഭേദഗതി നടത്തിയെടുക്കാനുള്ള ശ്രമമാണ് നേപ്പാൾ കൈക്കൊണ്ടത്. നേപ്പാളിന്റെ ഈ ശ്രമത്തിന് പിന്നിൽ ചൈനയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഇന്ത്യൻ ഭരണകൂടം നേപ്പാളുമായുള്ള തർക്കവിഷയങ്ങളിൽ അടുത്തിടെ ഗൗരവപൂർണമായ നിശബ്ദത പാലിക്കുകയാണ്. ഇന്ത്യയുടെ നിശബ്ദതയിൽ നേപ്പാൾ ആശങ്കപ്പെടുന്ന സൂചനയാണ് നേപ്പാൾ വിദേശകാര്യമന്ത്രിയുടെ വാക്കുകളിൽ നിഴലിക്കുന്നത്.
എന്നാൽ അഭിമുഖത്തിലുടനീളം നേപ്പാളിന്റെ ആവശ്യം ന്യായമാണെന്ന് വരുത്തി തീർക്കുവാനാണ് പ്രദീപ് ഗ്യാവാലി ശ്രമിച്ചിരിക്കുന്നത്. 'നേപ്പാളിന്റെ തീരുമാനം ശാശ്വതമാണ്, കാരണം ആ പ്രദേശങ്ങൾ നേപ്പാളിൻറേതാണ് അതിൽ യാതൊരു അവ്യക്തതയുമില്ല. എന്നിരുന്നാലും, ഏത് ഭാഗമാണ് നേപ്പാളുടേതെന്ന് തിരിച്ചറിയാൻ ചർച്ചകൾ ആവശ്യമാണ്,'. പാർലമെന്റ് ഒരിക്കൽ പാസാക്കുന്ന തീരുമാനം മാറ്റാൻ കഴിയില്ലെങ്കിലും, സംഭാഷണം പുനരാരംഭിക്കുന്നതിൽ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് 19 പകർച്ചവ്യാധിയുടെ സമയത്ത് അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ചൈന പോലുള്ള രാജ്യങ്ങളുമായി സംസാരിക്കാൻ ഇന്ത്യക്ക് കഴിയുമെങ്കിൽ ന്യൂഡൽഹിക്ക് കാഠ്മണ്ഡുവുമായി ചർച്ച നടത്താൻ എന്തുകൊണ്ട് കഴിയില്ലെന്ന ചോദ്യമാണ് ആവർത്തിച്ച് നേപ്പാൾ ഉയർത്തുന്നത്.