മെലിഞ്ഞ ശരീരവും ,മുഖക്കുരുവും , വിടർന്ന കണ്ണുകളും, വിരിഞ്ഞ പുഞ്ചിരിയുമായി മലയാളക്കരയിലേക്ക് എത്തിയ നടിയാണ് സായി പല്ലവി.മലയാളക്കരയുടെ ഈ മലർ ഇന്ന് തെന്നിന്ത്യൻ താര റാണിയായി മാറി ...നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത നടി....അങ്ങനെ സവിശേഷതകൾ ഏറെയാണ് ഈ നടിയ്ക്ക്...2019ൽ ഇറങ്ങിയ അതിരനാണ് മലയാളത്തിൽ സായി പല്ലവി അവസാനമായി മുഖം കാണിച്ച ചിത്രം. നടിയെ അലട്ടിയ ചില പ്രശ്നങ്ങളും ,പുത്തൻ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു...
കോടികൾ തന്നാലും പരസ്യത്തിൽ അഭിനയിക്കില്ല..
എത്ര കോടി തന്നാലും മേക്കപ്പിട്ട് സുന്ദരിയായിട്ട് 'ദാ... ഈ ക്രീമാണ് എന്റെ സൗന്ദര്യ രഹസ്യമെന്ന്' കള്ളം പറയാൻ എന്നെ കിട്ടില്ല. ആ കോടികൾ കൊണ്ട് എനിക്കൊന്നും ചെയ്യാനില്ല. എത്ര രൂപ കിട്ടിയാലും വീട്ടിൽ പോയി ചപ്പാത്തിയും ചോറും കഴിക്കും. കാറിൽ കറങ്ങി നടക്കും. അത്രയൊക്കെയേയുള്ളൂ.അതിൽ കൂടുതൽ ആവശ്യങ്ങൾ എനിക്കില്ല.
സൗന്ദര്യപ്രശ്നങ്ങളൊന്നും അലട്ടിയിട്ടില്ല
മറ്റു പെൺകുട്ടികളെപ്പോലെ സൗന്ദര്യത്തെപ്പറ്റി ഒരുപാടു സംശയങ്ങളും അരക്ഷിതാവസ്ഥയും എനിക്കും ഉണ്ടായിരുന്നു. ജോർജിയയിൽ പഠിക്കുമ്പോൾ മുഖക്കുരു ആരും കാണാതിരിക്കാൻ മുഖം ഷാളിട്ട് മറച്ച് നടക്കുമായിരുന്നു. ഫെയർനസ് ക്രീമുകൾ പലതും പുരട്ടിയിട്ടുണ്ട്. മഞ്ഞൾ, തണ്ണിമത്തൻ, തക്കാളി, അങ്ങനെ തേയ്ക്കാത്തതായി ഒന്നുമില്ല. എന്നിട്ടും മുഖക്കുരു മാറിയില്ല. ഞാൻ ഇതുവരെ പുരികം ത്രഡ് ചെയ്തിട്ടില്ല. എന്റെ ശബ്ദവും വലിയ പ്രശ്നമായിട്ട് തോന്നിയിട്ടുണ്ട്. ഞാൻ ഫോൺ എടുക്കുമ്പോൾ പലരും സർ, മാഡത്തിന് കൊടുക്കൂ എന്ന് പറഞ്ഞിട്ടുണ്ട്.
അഭിനയത്തിന് അതിർവരമ്പ് നൽകിയിട്ടുണ്ട്
ഉണ്ടെന്ന് പറയാം. അച്ഛനും അമ്മയ്ക്കും എന്നോടൊപ്പമിരുന്ന് കാണാനാവുന്ന രംഗങ്ങളിലേ ഞാൻ അഭിനയിക്കൂ. എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ ഒപ്പം നിൽക്കുന്നത് അവരാണ്. അപ്പോൾ അവരെ അസ്വസ്ഥമാക്കുന്നതൊന്നും എന്റെ ജോലിയിൽ വരാതിരിക്കാൻ ശ്രദ്ധിക്കണം. പണ്ടൊക്കെ കുട്ടിയുടുപ്പിട്ട് ഡാൻസ് കളിച്ചിട്ടുണ്ട്. ഇപ്പോഴത് പറ്റില്ല. എനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യത്തിലും വഴങ്ങില്ല.
ആദ്യ സിനിമ പ്രേമമാണോ?
അല്ല, ആറാം ക്ലാസിൽ പഠിക്കുമ്പോൾ തമിഴിലെ ധാം ധൂം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ കസ്തൂരിമാനിലാണ് ആദ്യം മുഖം കാണിച്ചത്. അഭിനയിക്കാൻ പോയതല്ല, ക്ളാസിലെ കണക്ക് പരീക്ഷ കട്ട് ചെയ്യാൻ പോയതാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷം അതിരനിലൂടെ മലയാളത്തിലെത്തി
അതേ, ഇടവേളയിൽ എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. കാരണം എനിക്ക് സിനിമയെക്കുറിച്ച് പ്രത്യേകിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. ലൊക്കേഷനിൽ പോകുക, ഡയറക്ടർ പറയുന്നത് ചെയ്യുക. അത്രമാത്രം. പക്ഷേ ഇപ്പോൾ അങ്ങനെയല്ല, കുറച്ചുകൂടി കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ട്. ഒരു നടിയാണ് ഞാനെന്ന തോന്നലൊക്കെ ഇപ്പോഴുണ്ട്.
മലയാളം പഠിച്ചോ?
മലയാളം സംസാരിക്കുന്ന കാര്യത്തിൽ മെച്ചപ്പെട്ട് വരുന്നുണ്ട്. ഇവിടുത്തെ സെറ്റിൽ മലയാളം പറയാൻ ശ്രമിക്കാറുണ്ട്. എനിക്ക് മലയാളം കേട്ടാൽ മനസിലാകും. പക്ഷേ പറയുമ്പോൾ തെറ്റി പോകും. എങ്കിലും മലയാളത്തിലും ഡബ്ബ് ചെയ്യാൻ കഴിഞ്ഞു.
ഡോക്ടറാകാനായിരുന്നു ആഗ്രഹം?
ഡോക്ടറാകുക എന്നത് എന്റെ ലക്ഷ്യമല്ലായിരുന്നു. എന്റെ ലക്ഷ്യം ആളുകളെ ഏതെങ്കിലും രീതിയിൽ സഹായിക്കുക എന്നതായിരുന്നു. നമുക്കറിയാം പുകവലിയുടെ ദൂഷ്യവശങ്ങൾ .പക്ഷേ ഇപ്പോഴും അതൊന്നും അറിയാത്ത ആളുകളുണ്ട്. ആരോഗ്യപരമായ കാര്യങ്ങളിൽ ആളുകളെ ബോധവത്കരിക്കാൻ ഇഷ്ടമാണ്. എനിക്ക് ചുറ്റുമുള്ള ആളുകളെയെങ്കിലും ശ്രദ്ധിക്കാൻ കഴിയണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് ഡോക്ടറായത്.
ലവ് അറ്റ് ഫസ്റ്റ് സൈറ്റിൽ വിശ്വസിക്കുന്നുണ്ടോ?
ആദ്യ കാഴ്ചയിൽ പ്രണയം വരുമെന്ന് വിശ്വസിക്കുന്നില്ല. പക്ഷേ ഒരു ആകർഷണം തോന്നിയേക്കാം. ഞാൻ പലപ്പോഴും ആൺകുട്ടികളെക്കാൾ പെൺകുട്ടികളെയാണ് നോക്കാറ്. അവരുടെ ഹെയർെ്രസ്രെൽ, ഡ്രെസ് സെൻസ്, ആഭരണങ്ങൾ അതൊക്കെ എന്നെ ആകർഷിക്കാറുണ്ട്. ആൺകുട്ടികൾ മിക്കപ്പോഴും ടീഷർട്ടും ജീൻസും മാത്രമല്ലേ ധരിക്കാറുള്ളു... പെൺകുട്ടികൾക്ക് എത്രയെത്ര ഫാഷനുകളാണ്...അത് നോക്കാൻ ഇഷ്ടമാണ്.
ആരെങ്കിലും പ്രണയം പറഞ്ഞിട്ടുണ്ടോ?
ഞാൻ ജോർജ്ജിയയിൽ ചേർന്ന സമയത്ത് ഒരു സംഭവമുണ്ടായി. ഒരു പയ്യൻ എന്നോട് കരഞ്ഞ് പറഞ്ഞു, 'എനിക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം അമ്മയെയാണ്. അമ്മ കഴിഞ്ഞാൽ പിന്നെ പല്ലവി നിന്നെയാണ് ഇഷ്ടം.' ഉടനെ ഞാൻ അമ്മയെ വിളിച്ചു. 'അമ്മാ അവൻ പാവമാണ് ഞാൻ അവനെ കല്യാണംകഴിച്ചാലോ എന്ന്.'അച്ഛനും അമ്മയ്ക്കും ക്ഷമയുള്ളതുകൊണ്ട് മാത്രം തടികേടാവാതെ രക്ഷപ്പെട്ടു.
എന്നാണ് കല്യാണം?
എന്നെ കെട്ടിച്ച് വിടാൻ ഇത്തിരി പാട് പെടും. ഉടനേയൊന്നും കല്യാണമില്ല. അഭിനയം തുടരണം. അച്ഛനെയും അമ്മയെയും വിട്ട് ഇപ്പോഴൊന്നും എവിടേക്കും ഇല്ല.
നാട് , വീട്, കുടുംബം ?
തമിഴ് നാട്ടിലെ കോത്തഗിരിയാണ് ജന്മസ്ഥലം. പക്ഷേ വളർന്നതൊക്കെ കോയമ്പത്തൂരാണ്.ചെറിയൊരു കുടുംബമാണ് എന്റേത്. അച്ഛൻ സെന്താമരക്കണ്ണൻ, അമ്മ രാധ കണ്ണൻ , അനുജത്തി പൂജ.