pic

ന്യൂഡൽഹി:വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വളര്‍ത്തു ജന്തുക്കളുടെയും സസ്യങ്ങളുടെയും വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍. ആറ് മാസത്തിനുള്ളില്‍ വിദേശ ഇനം ജീവജാലങ്ങളുടെ വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്തണമെന്ന് വാര്‍ത്താക്കുറിപ്പില്‍ സര്‍ക്കാര്‍ അറിയിച്ചു.വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാര ഉടമ്പടി അനുസരിച്ചാണ് നടപടി. രാജ്യത്ത് ഇത്തരം ജീവികളെ സൂക്ഷിക്കുന്നവരുടെ വിവരങ്ങള്‍ സര്‍ക്കാരുകളുടെ കൈവശം ഇല്ല. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് കണക്കെടുപ്പ് നടത്തുന്നത്.

വിദേശയിനം മൃഗങ്ങളുടെ എണ്ണം, കൈമാറ്റം, ഇറക്കുമതി എന്നിവ രജിസ്റ്റര്‍ ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.ഇത് ഇത്തരം മൃഗങ്ങളുടെ ചികിത്സ, സംരക്ഷണം എന്നിവയ്ക്ക് സഹായിക്കും. വിദേശയിനം മൃഗങ്ങളില്‍ നിന്ന് ഉണ്ടാകുന്ന അസുഖങ്ങള്‍ തിരിച്ചറിയാനും മനുഷ്യര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനും സഹായിക്കുമെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ആറ് മാസത്തിനുള്ളില്‍ ജീവികളെക്കുറിച്ച് വിവരങ്ങള്‍ കൈമാറിയാല്‍ അനുബന്ധ രേഖകള്‍ ഹാജരാക്കേണ്ടതില്ല. ആറ് മാസം കഴിഞ്ഞാല്‍ സത്യവാങ്മൂലം നല്‍കിയാല്‍ നിലവിലെ നിയമം അനുസരിച്ചുള്ള രേഖകളും ഹാജരാക്കേണ്ടിവരും. www.parivesh.nic.in എന്ന വെബ്‌സൈറ്റില്‍ ആണ് വിവരങ്ങള്‍ നല്‍കേണ്ടത്.