തിരുവനന്തപുരംഃ ഇൻസന്റീവ് വെട്ടിക്കുറച്ചതിനെ തുടർന്ന് സ്വിഗ്ഗി ഓൺലൈൻ ഭക്ഷണ വിതരണക്കമ്പനിയിലെ വിതരണക്കാർ പണിമുടക്കാരംഭിച്ചു. ഇന്നലെ മുതലാണ് തിരുവനന്തപുരം നഗരത്തിൽ സ്വിഗ്ഗിയിലെ ഡെലിവറി വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. സമരത്തെ തുടർന്ന് ഓർഡറുകൾ സ്വീകരിക്കാനുള്ള ആപ്പ് വിതരണക്കാർ ഓഫ് ചെയ്തതോടെ ആവശ്യക്കാർക്ക് ഭക്ഷണം ഓർഡർ ചെയ്യാനോ ഓൺലൈനായി വാങ്ങാനോ സാധിക്കാത്ത അവസ്ഥയാണ്. ലോക്ക് ഡൗൺ കാലത്തും അതിന് മുമ്പും ഡെലിവറി ബോയ്സിന് ആഴ്ചതോറും ഇൻസന്റീവായി നിശ്ചിത തുക കമ്പനിയിൽ നിന്ന് നൽകിയിരുന്നു.
ഭക്ഷണവിതരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഇന്ധന ചെലവിനും മെയിന്റനൻസിനും ഇൻസന്റീവ് ഉപകാരപ്രദമായിരുന്നു. കഴിഞ്ഞ ദിവസം മുതൽ നഷ്ടത്തിന്റെ പേരിൽ കമ്പനി ഇൻസന്റീവ് വെട്ടിക്കുറച്ചു. ദിവസം 12 മണിക്കൂറിലേറെ വാഹനം ഓടിക്കേണ്ടിവരുന്ന ഇവർക്ക് 300 മുതൽ 400 രൂപവരെയാണ് ശമ്പളമായി ലഭിക്കുന്നത്. ഇതിൽ നിന്ന് പെട്രോളിന്റയും വാഹനത്തിന്റെ അറ്റകുറ്റ പണികൾക്കുളള ചെലവ് കൂടി വഹിക്കേണ്ടിവരുമ്പോൾ തങ്ങൾക്ക് മിച്ചമൊന്നും ഉണ്ടാകില്ലെന്നും, ഇൻസന്റീവ് പുനസ്ഥാപിക്കണമെന്നും ജീവനക്കാർ കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും കമ്പനി അതിന് തയ്യാറായില്ല. തുടർന്നാണ് ഇന്നലെ മുതൽ ജീവനക്കാർ ഭക്ഷണവിതരണത്തിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയത്. തിരുവനന്തപുരം നഗരത്തിൽ നൂറിലേറെ ജീവനക്കാരാണ് ഭക്ഷണ വിതരണ കമ്പനിയുടെ ഭാഗമായുളളത്.