hc

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് നിന്നും വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശി രാമചന്ദ്ര കൈമൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിലവിലുള്ള പൊലീസ് അന്വേഷണം കൊണ്ട് സത്യം പുറത്ത് വരില്ലെന്നും, സി.ബി.ഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം.

വെടിയുണ്ട കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നേരത്തെ പൊതു പ്രവർത്തകനായ ജോർജ്ജ് വട്ടകുളം നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

എസ്.എ.പി ക്യാമ്പിൽ നിന്നും തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സി.എ.ജി കണ്ടെത്തൽ സർക്കാരിനെയും പൊലീസിനെയും ഏറെ വെട്ടിലാക്കിയിരുന്നു. എന്നാൽ എസ്.എ.പി ക്യാമ്പിൽ നിന്നും വിവിധ ക്യാമ്പുകളിലേക്ക് കൊണ്ടുപോയ തോക്കുകൾ തിരിച്ചെത്തിച്ച് പരസ്യ പരിശോധന നടത്തി തോക്കുകൾ നഷ്ടപ്പെട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് വിലയിരുത്തി.12,000ത്തിലധികം വെടിയുണ്ടകൾ കാണാനില്ലെന്നായിരുന്നു സി.എ.ജി കണ്ടെത്തൽ. ചീഫ് ജസ്റ്റിസ് എം മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.