silver

തിരുവനന്തപുരം: മാഹി ഒഴിവാക്കി അർദ്ധ അതിവേഗ റെയിൽപാത (സിൽവർ ലൈൻ) റിപ്പോർട്ടിന്‌ സർക്കാർ അംഗീകാരം നൽകിയതോടെ പദ്ധതിക്ക്‌ നേതൃത്വം കൊടുക്കുന്ന കെ റെയിൽ അതിർത്തി നിശ്ചയിക്കൽ നടപടികൾ തുടങ്ങി. റവന്യൂ, ട്രാൻസ്‌പോർട്ട്‌ വകുപ്പുകളുടെ അനുമതിയോടെ ഭൂമിഏറ്റെടുക്കൽ സർവ്വേയും അതിർത്തി നിശ്ചയിക്കലും ഉടൻ പൂർത്തിയാക്കും. പദ്ധതിക്ക്‌ റെയിൽവേയുടെയും നീതി ആയോഗിന്റെയും അംഗീകാരം ലഭിക്കാനുണ്ട്‌. അതിനുള്ള നടപടിക്രമങ്ങൾ തുടങ്ങുന്നതിനൊപ്പം ഭൂമി ഏറ്റെടുക്കൽ നടപടികളും ആരംഭിക്കാനാകും.

എന്നാൽ, കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതിക്കുശേഷമേ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തുക നൽകാനാകൂ. ജനസാന്ദ്രത കുറഞ്ഞ മേഖലകളിൽ 15 മുതൽ 25 മീറ്റർ വീതിയിലാകും സ്ഥലം ഏറ്റെടുക്കുക. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, പ്രമുഖ ആശുപത്രികൾ, സ്ഥാപനങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവയുമായി ബന്ധം സ്ഥാപിക്കും വിധത്തിലാണ് സിൽവർ ലൈനിന്റെ അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്.

തൊഴിലവസരം സൃഷ്ടിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമുള്ള പുതിയ കേന്ദ്രങ്ങളും സിൽവർ ലൈന് അനുബന്ധമായുണ്ടാകും. യാത്രാ സർവ്വീസിന് പുറമേ ചരക്കുഗതാഗത സർവീസ് കൂടി ആരംഭിക്കുന്നതോടെ പ്രതിദിനം ശരാശരി 500 ട്രക്കെങ്കിലും ദേശീയപാതകളിൽനിന്നും പിൻമാറും. ഇത് ഗതാഗതത്തിരക്ക് മാത്രമല്ല, റോഡപകടങ്ങളും അന്തരീക്ഷ മലിനീകരണവും കുറയ്ക്കും. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗമായ വിനോദസഞ്ചാരത്തിനും പാത കരുത്തേകും. തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 529.45 കിലോമീറ്റർ നാലു മണിക്കൂർ കൊണ്ട് പിന്നിട്ട് കാസർകോട്ട്‌ എത്തുന്ന സിൽവർ ലൈൻ അഞ്ചു വർഷംകൊണ്ട്‌ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

ഒമ്പതു കോച്ചുകൾ വീതമുള്ള ഇലക്ട്രിക് മൾട്ടിപ്പിൾയൂണിറ്റാണ് സിൽവർ ലൈനിൽ ഉപയോഗിക്കുന്നത്. ബിസിനസ് ക്ലാസും സ്റ്റാൻഡേർഡ് ക്ലാസും ഉൾപ്പെടുന്ന ഒരു ട്രെയിനിൽ 675 പേർക്ക് യാത്ര ചെയ്യാം. തിരക്കുള്ള സമയം ഓരോ 20 മിനിറ്റ് ഇടവേളയിലും ട്രെയിൻ സർവീസ് നടത്തും. തിരുവനന്തപുരം കൊച്ചുവേളിയിൽനിന്ന് തുടങ്ങി കഴക്കൂട്ടം, ആറ്റിങ്ങൽ, കല്ലമ്പലം, പാരിപ്പള്ളി, കൊട്ടിയം, മുഖത്തല, കുണ്ടറ, തെങ്ങമം, നൂറനാട്, മുതുകാട്ടുകര, കിടങ്ങയം, കൊഴുവല്ലൂർ, മുളക്കുഴ വഴി ചെങ്ങന്നൂരിൽ പ്രവേശിക്കും. കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെയാണ് സ്റ്റേഷനുകൾ.