ന്യൂഡൽഹി:- കൊവിഡ് ലോക്ഡൗൺ കാലത്ത് തൊഴിലാളികൾക്ക് ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ ജൂലായ് അവസാനം വരെ ശക്തമായ നടപടി വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ചെറുകിട വ്യവസായ അസോസിയേഷനും ലുധിയാന ഹാൻഡ് ടൂൾസ് അസോസിയേഷൻ, ഫിക്കസ് പാക്‌സ് എന്നീ കമ്പനികളും നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇങ്ങനെ അറിയിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർച്ച് 29ന് പുറത്തിറക്കിയ സർക്കുലറിൽ എല്ലാ തൊഴിൽസ്ഥാപനങ്ങളും ലോക്ഡൗൺ കാലത്ത് മുഴുവൻ ശമ്പളം തൊഴിലാളികൾക്ക് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കമ്പനികൾ സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന് കേന്ദ്ര സർക്കാരിനോട് സർക്കുലറിന്റെ നിയമ സാധുത നാലാഴ്ചയ്ക്കകം അറിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
'തൊഴിലാളികളും സംരംഭവും ഒത്തുചേർന്ന് പോയേ പറ്റൂ. തൊഴിലാളികളില്ലാതെ ഒരു സംരംഭത്തിനും നിലനിൽപ്പ് ഇല്ല. വേതനത്തെ കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ അൻപത് ദിവസത്തിനകം പരിഹരിക്കാൻ നടപടി ഉണ്ടാകണം.' ജസ്റ്റിസ് അശോക് ഭൂഷൺ,സഞ്ജയ് കിഷൻ കൗൾ, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. സംസ്ഥാനങ്ങൾ തൊഴിൽ ദാതാക്കളും ജീവനക്കാരും തമ്മിലെ വേതനത്തെ ചൊല്ലിയുളള തർക്കങ്ങൾ പരിഹരിച്ച് റിപ്പോർട്ട് ലേബർ കമ്മീഷണർക്ക് നൽകിയിരിക്കണം എന്നും കോടതി ആവശ്യപ്പെട്ടു. ജൂലായ് അവസാനം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിശദമായ സത്യവാങ് മൂലം നൽകുകയും വേണം.