arrest

ഹൈദരാബാദ്: ഇ.എസ്.ഐ അഴിമതിക്കേസിൽ മുൻ തൊഴിൽ മന്ത്രിയും, തെലുങ്കുദേശം എം എൽ എയുമായ കെ അച്ചന്നൈഡു അറസ്റ്റിൽ. ഇ.എസ്.ഐ ആശുപത്രികൾക്കായി മരുന്നുകളും ഉപകരണങ്ങളും വാങ്ങുന്നതിൽ ക്രമക്കേട് നടത്തിയെന്ന് കേസിലാണ് അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇ എസ് ഐ ആശുപത്രികളിൽ 975 കോടിയുടെ മരുന്നുകളും മറ്റും വാങ്ങിയതിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് ഡയറക്ടറേറ്റ് അഴിമതി നടത്തിയതായി ഫെബ്രുവരിയിൽ വിജിലൻസ് ആന്റ് എൻഫോഴ്സ്‌മെന്റ് വകുപ്പ് കണ്ടെത്തിയിരുന്നു.

2014-19ൽ ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ മന്ത്രിയായിരുന്ന അച്ചന്നൈഡു മാനദണ്ഡങ്ങൾ ലംഘിച്ചതായാണ് റിപ്പോർട്ട്. മരുന്നുകളും ഉപരണങ്ങളും വാങ്ങുന്നതിൽ 150 കോടി രൂപ ദുരുപയോഗം ചെയ്തതായും, സംശയമുണ്ടെന്ന് അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥർ അറിയിച്ചു. ശ്രീകാകുളത്തെ നിമ്മഡ ഗ്രാമത്തിലെ വീട്ടിൽ ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയ അച്ചന്നൈഡുവിനെ വിശാഖപട്ടണത്തെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്..