pic

കൊച്ചി: കൂട്ടിയ ബസ്ചാർജ് ഈടാക്കുന്നത് റദ്ദാക്കിയ സർക്കാർ തീരുമാനത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. നേരത്തേ സിംഗിൽ ബെഞ്ച് കൂടിയ നിരക്ക് ഈടാക്കാൻ അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. ബസ് യാത്രാനിരക്ക് കമ്മീഷൻ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കൊവിഡ് വ്യാപനത്തെ തുടർന്ന് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ബസ് ചാര്‍ജ് കൂട്ടിയിരുന്നത്. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ തന്നെ ഉത്തരവ് പിന്‍വലിച്ചു. ഇതിന് പിന്നാലെ സ്വകാര്യ ബസ് ഉടമകളുടെ ഹർജിയിൽ ഹൈക്കോടതി ബസ്ചാർജ് കുറച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.


കോടതി ഉത്തരവ് പരിശോധിച്ച ശേഷം വേണ്ട തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. 12 രൂപയായിരുന്നു ബസുകളുടെ വര്‍ധിപ്പിച്ച മിനിമം ചാര്‍ജ്. ബസ് ചാർജ് കുറച്ച സർക്കാർ നടപടി ഹൈക്കോടതി അംഗീകരിച്ചതോടെ സാധാരണക്കാരന് ആശ്വാസമായി. എന്നാൽ ബസുകളിലെ സാമൂഹ്യ അകലം എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്.