moratorium

ന്യൂഡൽഹി: മോറട്ടോറിയം കാലത്തെ പലിശയ്ക്കുമേൽ പലിശ ഈടാക്കുമോയെന്ന് റിസർവ് ബാങ്കിനോടും കേന്ദ്രസർക്കാരിനോടും സുപ്രീം കോടതിയുടെ ചോദ്യം. ലോക്ക്ഡൗണിൽ മാർച്ച് മുതൽ ആഗസ്‌റ്ര് വരെ ആറുമാസത്തെ വായ്‌പാ തിരിച്ചടവുകൾക്കാണ് റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. മുതൽ തിരിച്ചടയ്ക്കേണ്ടെങ്കിലും ഈ ആറുമാസത്തെയും പലിശ ബാങ്കുകൾ പിന്നീട് ഈടാക്കും. മുതൽ തിരിച്ചടയ്ക്കാൻ പിന്നീട് ആറുമാസം അധികം ലഭിക്കും. ഈ ആറുമാസത്തെ പലിശയും ബാങ്കുകൾ നൽകണം.

ഇത്തരത്തിൽ, മോറട്ടോറിയം ലഭിക്കുന്ന വായ്‌പയുടെ പലിശയ്ക്കുമേൽ പലിശ ഈടാക്കുമോയെന്നാണ് റിസർവ് ബാങ്കിന്റെ ചോദ്യം. ജൂൺ 17ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ റിസർവ് ബാങ്കും കേന്ദ്രവും മറുപടി പറയണം. മോറട്ടോറിയം കാലത്തെ പലിശ പൂർണമായി ഒഴിവാക്കണമെന്ന ഹർജിയാണ് ജസ്‌റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ഇക്കാലത്തെ പലിശ പൂർണമായും ഒഴിവാക്കുന്നത് പരിഗണിക്കാനാവില്ലെന്ന് വാദത്തിനിടെ കോടതി വ്യക്തമാക്കിയിരുന്നു. വായ്‌പാ ഇടപാടുകാർക്കും ബാങ്കുകൾക്കും ഒരുപോലെ ഉപകരിക്കുന്ന പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും കോടതി വ്യക്തമാക്കി.