photo
ആശ ശശിധരൻ

കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്തിന്റെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന ആശാ ശശിധരന് അന്ത്യാഞ്ജലി. പൊതുപ്രവർത്തന രംഗത്തെ സൗമ്യസാന്നിദ്ധ്യമായിരുന്നു പത്തനാപുരം കുണ്ടയം അമ്പലനിരപ്പ് ഈട്ടിവിള വീട്ടിൽ ആശാ ശശിധരൻ (55). പത്തനാപുരത്തെ രാഷ്ട്രീയ മണ്ഡലത്തിൽ ദീർഘകാലമായി വനിതാ സാന്നിദ്ധ്യമായിരുന്നു ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കൂടിയായ ആശാ ശശിധരൻ (55).

കാൻസർ രോഗബാധയെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. പത്തനാപുരം കുണ്ടയത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജി എന്ന് നാട്ടുകാർ വിളിച്ചിരുന്ന എ.കെ. ഗോപാലന്റെ മകളായി ജനിച്ച ആശയുടെ മനസിൽ ബാല്യകാലം മുതലേ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഇടം പിടിച്ചിരുന്നു. എസ്.എഫ്.ഐയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. തുടർന്ന് ഡി.വൈ.എഫ്.ഐയിലും പ്രവർത്തിച്ചു. 2000 ലാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തുന്നത്. പിന്നീട് മരണം വരെയും ജനപ്രതിനിധിയായി. തിരഞ്ഞെടുപ്പിൽ പരാജയം അറിഞ്ഞിട്ടില്ല. സൗമ്യമായ പെരുമാറ്റവും പുഞ്ചിരിയോടെയുള്ള സമീപനവും ജനങ്ങൾക്ക് തങ്ങളിലൊരാളാണെന്ന തോന്നലുളവാക്കാൻ ആശയ്ക്ക് കഴിഞ്ഞിരുന്നു.

2000 ൽ ആദ്യതിരഞ്ഞെടുപ്പ് മത്സരത്തിൽ വിജയിച്ച ആശയെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 2005 ൽ പത്തനാപുരം ഗ്രാമപഞ്ചായത്തംഗമായി. 2010 ൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് വീണ്ടും മത്സരിച്ച് വിജയിച്ച ആശയെ പ്രസിഡന്റാക്കി. കശുഅണ്ടി മേഖലയിലെ പ്രശ്നങ്ങളടക്കം നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ആശ നിലവിൽ സി.പി.എം ഏരിയാ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറിയുമാണ്. രാഷ്ടീയത്തിലും ഓഫീസിലും സഹപ്രവർത്തകർക്ക് ഏറെ പ്രീയപ്പെട്ടവളായിരുന്നു. 2015 ൽ ജില്ലാ പഞ്ചായത്തിലേക്ക് തലവൂർ ഡിവിഷനിൽ നിന്ന് വിജയിച്ച ആശ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയായിരുന്നു. ഇതിനിടെയാണ് കാൻസറിന്റെ രൂപത്തിൽ അസുഖം ബാധിച്ചത്.

രോഗപീഢയുടെ കാലത്തും പ്രവർത്തനമേഖലയിൽ സജീവമായിരുന്നു. ഇടക്കാലത്ത് മാറിനിന്ന രോഗം വീണ്ടും ശക്തിയോടെ തിരിച്ചെത്തിയതോടെ ചികിത്സ പുനരാരംഭിച്ചു. പൊതുരംഗത്ത് നിന്നും ഇത്ര പെട്ടെന്ന് ആശ കടന്നുപോയത് വിശ്വസിക്കാൻ ഈ നാട്ടുകാർക്കായിട്ടില്ല. എം.എൽ.എ മാരായ കെ.ബി ഗണേശ് കുമാർ, പി. ഐഷാ പോറ്റി, കോവൂർ കുഞ്ഞുമോൻ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, കെ. രാജഗോപാൽ, സൂസൻ കോടി, എസ്. ജയമോഹൻ, ബെന്നി കക്കാട്, എൻ. ജഗദീശൻ, ജിയാസുദീൻ, സി.ആർ. നജീബ്, കെ.ബി. സജീവ് തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.