photo
കൊല്ലം പി.എഫ് ഓഫീസിന്റെ ഗേറ്റ് അട‌ഞ്ഞതിനാൽ പുറത്ത് കാത്ത് നിൽക്കുന്നവർ

കൊല്ലം:വിവിധ ആവശ്യങ്ങൾക്ക് ദിവസേന നൂറുകണക്കിന് തൊഴിലാളികളും പെൻഷൻകാരും എത്തുന്ന കൊല്ലത്തെ എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസിന്റെ ഗേറ്റ് ലോക്ക്ഡൗൺ കഴിഞ്ഞിട്ടും അടഞ്ഞുതന്നെ. കശുഅണ്ടി തൊഴിലാളികളടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർ ഓരോ ദിവസവും എത്തി പുറത്ത് കാത്തുനിന്ന ശേഷം നിരാശരായി മടങ്ങുകയാണ്.

അർച്ചന- ആരാധന തിയേറ്ററിന് സമീപം പ്രവർത്തിക്കുന്ന ഇവിടെ എത്തുന്നവരിൽ നിന്ന് പൂട്ടിയിട്ട ഗേറ്റിനകത്തുനിന്ന് സെക്യൂരിറ്റി ജീവനക്കാരൻ അപേക്ഷകൾ വാങ്ങിവയ്ക്കും. ജീവനക്കാരില്ലാത്തതിനാൽ ഓഫീസിൽ കയറിയിട്ടും കാര്യമില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ ഇവരോട് പറയുന്നത്. കർണാടക സ്വദേശിയായ പി.എഫ് കമ്മീഷണറും ഹൈദരാബാദ് സ്വദേശിയായ അസി. കമ്മീഷണറും ലോക്ക് ഡൗണിന് മുമ്പ് നാട്ടിലേക്ക് പോയതാണ്. ഇതുവരെ മടങ്ങി വന്നിട്ടില്ല. മടങ്ങിവന്നാലും കൊവിഡ് പ്രോട്ടോകോൾ പ്രകാരം ക്വാറന്റീനിൽ പോകണമെന്നതാണ് ഇവർ എത്താൻ വൈകുന്നതെന്നാണ് സൂചന. 55 ജീവനക്കാരുള്ള ഓഫീസിൽ പകുതി ജീവനക്കാർ വീതം റൊട്ടേഷൻ ക്രമത്തിൽ ഹാജരാകണമെന്ന കേന്ദ്ര നിർദ്ദേശം പോലും ഓഫീസിലെ ഉത്തരവാദപ്പെട്ടവർ ഇല്ലാത്തതിനാൽ നടപ്പാകുന്നില്ല. കുറച്ച് ജീവനക്കാർ ഹാജരാകുന്നുണ്ടെങ്കിലും ഓഫീസ് പ്രവർത്തനം നടക്കുന്നില്ല.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കശുഅണ്ടി തൊഴിലാളികളുള്ള കൊല്ലത്ത് പി.എഫ് ഓഫീസിന്റെ സേവനം മുടങ്ങിയതിനാൽ പെൻഷൻ, ഗ്രാറ്റുവിറ്റി അടക്കമുള്ള സേവനങ്ങൾ ലഭിക്കാത്ത സ്ഥിതിയാണ്. കൂടാതെ ലൈഫ്, ഡെത്ത് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കൽ, ജനനതീയതി തിരുത്തലും ചേർക്കലും, ആധാർ ലിങ്കിംഗ് തുടങ്ങിയ സേവനങ്ങളും മുടങ്ങിക്കിടക്കുകയാണ്. ഒന്നര ലക്ഷത്തോളം പേരുടെ പി.എഫുമായി ബന്ധപ്പെട്ട ഫയലുകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. തൊഴിലാളികൾ ഗേറ്റിനുമുന്നിലിരുന്ന് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.