മോസ്കോ:- റഷ്യയിലെ ബിച്ചിലൂടെ ഉല്ലസിക്കുന്ന ജനങ്ങൾക്ക് ചിത്രമെടുക്കാനായി ഉടമകൾ കൊണ്ടുവരാറുണ്ടായിരുന്നു കുഞ്ഞ് സിംബയെ. പിൻകാലുകൾ തല്ലിയൊടിച്ച് ചങ്ങല കൊണ്ട് ബന്ധിച്ച് അനങ്ങാനാകാത്ത അവന് ചുറ്റും നിന്ന് വിനോദ സഞ്ചാരികൾ ഇഷ്ടമുള്ള പോസിൽ ചിത്രമെടുത്ത് സന്തോഷത്തോടെ മടങ്ങും. ഒരു കുട്ടി സിംഹമാണ് സിംബ. തീരെ കുഞ്ഞായിരുന്നപ്പോൾ അമ്മയിൽ നിന്ന് ഉടമകൾ അവനെ വേർപെടുത്തി. പിന്നീട് കൊടും ക്രൂരമായ അവസ്ഥയിലൂടെയാണ് സിംബ കടന്നുപോയത്. കാലുകൾ തല്ലിയൊടിച്ച് അനങ്ങാനാകാത്ത അവസ്ഥയാക്കി മാറ്റി ഇടക്കിടെ കോച്ചുന്ന തണുപ്പുള്ള വെള്ളവും അവനു നേരെ ഫോട്ടോഗ്രാഫർമാരായ അവന്റെ ഉടമകൾ ഒഴിച്ചിരുന്നു. പരിക്ഷീണിതനായപ്പോൾ അവനെ ഒരു പഴയ തൊഴുത്തിൽ ഉപേക്ഷിച്ചു അവർ.
സിംഹത്തിന്റെ അവസ്ഥ അറിഞ്ഞ രക്ഷാ സംഘം പാഞ്ഞെത്തി അവനെയും കൂട്ടി പോയി. 'സിംബയ്ക്ക് കുറച്ച് നാളായി ആഹാരം കൊടുത്തിരുന്നില്ല.എന്തിനോ തണുത്ത വെള്ളം അവന്റെ മേലാകെ ഒഴിച്ചിട്ടുമുണ്ട്.' രക്ഷാ സംഘത്തിലെ യൂലിയ അജീവ പറഞ്ഞു. തുടർന്ന് രക്ഷാസംഘം സ്പെഷ്യലിസ്റ്റ് ഡോക്ടറായ കരെൻ ഡല്ലാക്യന് അടുത്തെത്തിച്ചു അവനെ. സംഭവത്തെ കുറിച്ച് അറിഞ്ഞ റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ വ്യക്തിപരമായി ഡോക്ടറോട് കാര്യങ്ങൾ അന്വേഷിച്ചു.
വൈകാതെ കുഞ്ഞ് സിംബയ്ക്ക് ഒരു ഓപ്പറേഷൻ നടത്തി. അവന് അതോടെ മെല്ലെ നടക്കാമെന്നായി. തിരികെ ഉഷാറായി വരുന്ന സിംബയെ കുറിച്ച് ഡോക്ടർ തന്നെ സമൂഹമാധ്യമങ്ങളിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.