വാഷിംഗ്ടൺ: കൊവിഡ് മൂലം അമേരിക്കയിലെ വൻ തൊഴിലില്ലായ്മ കണക്കിലെടുത്ത് എച്ച് 1 ബി ഉൾപ്പെടെയുള്ള തൊഴിൽ വിസകൾ നിറുത്തലാക്കാൻ ഒരുങ്ങുന്നു. ഐ.ടി പ്രൊഫഷണലുകൾക്ക് നൽകുന്നതാണ് എച്ച് 1 ബി വിസ. ഇത് നിറുത്തലാക്കുന്നതോടെ ഇന്ത്യാക്കാരായ ഐടി പ്രൊഫഷണലുകളെയാണ് ദോഷകരമായി ബാധിക്കുക. അമേരിക്കയിലെ ഐടി പ്രൊഫഷണലുകളിലധികവും ഇന്ത്യാക്കാരാണ്.
ഒക്ടോബർ ഒന്നിനാണ് അമേരിക്കയിൽ പുതിയ സാമ്പത്തിക വർഷം തുടങ്ങുന്നത്. പുതിയ വിസകൾ അനുവദിക്കുന്നതും, പുതുക്കി നൽകുന്നതും അന്നു മുതലാണ്. വിസ പുതുക്കി നൽകേണ്ട എന്ന നിലപാടിലാണ് അമേരിക്ക. ട്രംപ് ഭരണകൂടത്തിന്റെ ഇത്തരമൊരു തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകളെ പ്രതികൂലമായി ബാധിക്കും. എച്ച് 1 ബി വിസയിലുള്ള ധാരാളം ഇന്ത്യക്കാർക്ക് ഇതിനകം തന്നെ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും, ഭരണകൂടം വിവിധ നിർദേശങ്ങൾ പരിഗണിക്കുന്നുണ്ടെന്നുമാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്.