കാലിഫോർണിയ : ചെറുപ്രായത്തിലുള്ള പെൺകുട്ടികളെ മാത്രം ലക്ഷ്യമിട്ട് ചതിക്കുഴി ഒരുക്കി കുടുക്കുന്ന യുവാവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ഫേസ്ബുക്കിന്റെ മാതൃക. സമൂഹ നന്മയ്ക്കായി ഈ പ്രവർത്തി ചെയ്യാൻ ഫേസ്ബുക്ക് ചെലവഴിച്ചത് ലക്ഷങ്ങളാണെന്നാണ് റിപ്പോർട്ടുകൾ.
ചെറുപ്രായത്തിലുള്ള പെൺകുട്ടികളെ സ്ഥിരമായി ഭീഷണിപ്പെടുത്തുന്ന യുവാവിനെ വർഷങ്ങളായി ഫേസ്ബുക്ക് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഇയാളെ വെളിച്ചത്ത് എത്തിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഉന്നതമായ സാങ്കേതിക വിദ്യകളിലൂടെ ഐ.പി അഡ്രസിൽ കൃത്രിമം കാണിച്ച് കുത്സിത പ്രവർത്തികളുമായി അയാൾ മുന്നോട്ടു പോകുകയായിരുന്നു. സ്‌കൂൾ കുട്ടികളുമായി അടുപ്പം കൂടിയ ശേഷം അവരുടെ നഗ്ന ചിത്രങ്ങളും വീഡിയോയും ആവശ്യപ്പെടും, നൽകിയില്ലെങ്കിൽ മാനഭംഗപ്പെടുത്തുമെന്നും, കുട്ടി പഠിക്കുന്ന സ്‌കൂളിൽ വെടിവയ്പ്പു നടത്തുമെന്നുമെല്ലാം ഭീഷണിപ്പെടുത്തും. ഡസനോളം പെൺകുട്ടികളെ ഇയാൾ ഇത്തരത്തിൽ ചൂഷണം ചെയ്തതായി അന്വേഷണത്തിൽ മനസിലായി. പ്രതിയെ പിടികൂടുന്നതിനായി എഫ്.ബി.ഐയും കിണഞ്ഞു പരിശ്രമിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. ഇതേ തുടർന്നാണ് ഫേസ്ബുക്ക് സ്വകാര്യ ഏജൻസിയുടെ സഹായം തേടിയത്.
ഫേസ്ബുക്ക് അന്വേഷണത്തിൻെറ ഫലമായി ബുസ്റ്റർ ഹെർണാണ്ടെസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രയൻ കിൽ എന്ന പേരിലാണ് ഇയാൾ കുട്ടികളുമായി ചങ്ങാത്തം കൂടിയിരുന്നത്. ടെയ്ൽസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇയാൾ ഉപയോഗിച്ചത്. വീഡിയോ പ്രോഗ്രാമിലൂടെ ഹാക്ക് ചെയ്താണ് പ്രതിയെ കുടുക്കിയത്. സ്വയം പ്രതിരോധമൊരുക്കി എവിടെ ഒളിച്ചാലും യഥാർത്ഥപ്രതിയെ കണ്ടെത്തുമെന്ന വ്യക്തമായ സന്ദേശമാണ് ഫേസ്ബുക്ക് നൽകിയിരിക്കുന്നത്.