under-garments-

ലോകം മുഴുവൻ കൊവിഡ് മഹാമാരി അരങ്ങു തകർക്കുമ്പോൾ നാടും നഗരവും അടച്ചിട്ട് ലോക്ക്ഡൗൺ പ്രഖ്യാപിക്കുക എന്ന ഒരു വഴിമാത്രമേ അധികാരികളുടെ മുന്നിലുണ്ടായിരുന്നുള്ളു. ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ലോക്ഡൗൺ മങ്ങലേൽപ്പിച്ചതോടെ ലോക്ക് ഡൗണിൽ ഇളവ് നൽകാൻ ഭരണകൂടങ്ങൾ തയ്യാറാവുകയായിരുന്നു. മറ്റു രാഷ്ട്രങ്ങളെപ്പോലെ ഇന്ത്യയും അൺലോക്കിലേക്ക് കടന്നിരിക്കുകയാണ്. ഈ ഘട്ടത്തിൽ കമ്പോളങ്ങൾ തുറക്കുകയും വ്യാപാരം ഒരു ഇടവേളയ്ക്ക് ശേഷം ആരംഭിച്ചു..

ലോക്ഡൗണിന് മുൻപു തന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ സുഖകരമായ അവസ്ഥയിലായിരുന്നില്ല ചലിച്ചുകൊണ്ടിരുന്നത്. ആട്ടോമൊബൈൽ മേഖലയിലെ തളർച്ചയും എഫ്.എം.സി.ജിയുടെ ചില്ലറ വിൽപ്പനയിലെ തളർച്ചയുമെല്ലാം ഇതിന്റെ ഉദാഹരണമായി ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ ഈ തളർച്ചയ്ക്കും മുൻപേ കൃത്യമായി പറഞ്ഞാൽ ഒൻപത് മാസങ്ങൾക്കു മുൻപ് രാജ്യത്തെ അടിവസ്ത്ര വ്യാപാരത്തിൽ ഉണ്ടായ ഇടിവ് മുതലാണ് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുന്നു എന്ന സൂചന പുറത്തു വന്നു തുടങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ടിലായ ഇന്ത്യൻ ജനത, പ്രത്യേകിച്ച് ഉത്സവ സീസണിൽ പോലും അടിവസ്ത്രങ്ങൾ വാങ്ങുന്നതിൽ പിശുക്ക് കാട്ടുന്നു എന്ന പഠന റിപ്പോർട്ട് നിരവധി മാദ്ധ്യമങ്ങളിലും വന്നിരുന്നു. ആളുകൾ അടിവസ്ത്രം പോലെ ലളിതവും ചെലവുകുറഞ്ഞതുമായ കാര്യങ്ങളിൽ പോലും പണം ചെലവഴിക്കാൻ തയ്യാറാകുന്നില്ല എന്നായിരുന്നു കണക്കാക്കിയിരുന്നത്.

എന്നാൽ ഇതിൽ നിന്നും വിഭിന്നമായ ഒരു അവസ്ഥയിലൂടെയാണ് ഇന്ത്യൻ വസ്ത്ര വിപണി ഇപ്പോൾ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഏതാണ്ട് മൂന്ന് മാസത്തോളം അടച്ചിട്ട ശേഷം വീണ്ടും വസ്ത്രാലയങ്ങൾ തുറന്നപ്പോൾ ജനം കൂട്ടമായെത്തി വാങ്ങിപ്പോകുന്നത് അടിവസ്ത്രമുൾപ്പടെയുള്ള വസ്ത്രങ്ങളാണ്. ഇതോടൊപ്പം വീടുകളിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങൾക്കും ഡിമാന്റ് ഉയർന്നിട്ടുണ്ട്. ലോക്ക്ഡൗണിൽ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും വർക്ക് ഫ്രം ഹോമിലേക്ക് മാറിയതോടെ വസ്ത്ര ധാരണ രീതികളിലും മാറ്റം വന്നു തുടങ്ങി. വിവാഹം തുടങ്ങിയ ആഘോഷങ്ങൾക്കും, ആളേക്കൂട്ടുന്ന ചടങ്ങുകൾക്കും ഫുൾസ്റ്റോപ്പിട്ടതോടെ തുണിക്കടകളിലെ പാർട്ടി വെയറുകൾക്ക് ട്രയൽ റൂമിലേക്ക് പോലും പ്രവേശനം ഇല്ലാതെ അലമാരകളിൽ പൊടിപിടിച്ചിരിക്കുകയാണ്. കാഷ്വൽ വസ്ത്രങ്ങൾ മാത്രമാണ് കടകളിൽ നിന്നും ജനം വാങ്ങുന്നത്. ലോവർ പൈജാമ, ലെഗ്ഗിംൻസ്, ഷോർട്ട്സ്, ടിഷർട്ടുകൾ തുടങ്ങിയവയ്ക്ക് വർദ്ധിച്ച ഡിമാന്റാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ നിരവധി വ്യവസായികൾ സാധാരണ ഫാഷൻ വസ്ത്രങ്ങൾക്കു പകരം ഈ വസ്തുക്കൾ നിർമ്മിക്കാൻ തുടങ്ങിയിരിക്കുകയാണ്.

ഇതോടൊപ്പം ഉദ്യോഗസ്ഥർ ഉൾപ്പടെ വലിയൊരു വിഭാഗത്തിന് ശമ്പളത്തിന്റെ ഒരു ഭാഗം മാത്രമേ ലോക്ക്ഡൗൺ കാലഘട്ടത്തിൽ ലഭിക്കുന്നുള്ളു. ഇതും വിലകൂടിയ തുണിത്തരങ്ങൾ വാങ്ങുന്നതിൽ നിന്നും അവരെ വിലക്കുന്നുണ്ട്. ലോക്ക്ഡൗണിൽ സമ്പദ് വ്യവസ്ഥ താഴേക്ക് പതിച്ചുവെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. എന്നാൽ അടിവസ്ത്ര വിൽപ്പനയെ ആധാരമാക്കി ഈ പ്രവചനം നടത്തിയവർക്ക് അടിതെറ്റുന്ന കാഴ്ചയാണ് അൺലോക്ക് കാലഘട്ടത്തിൽ തുണിക്കടകളിൽ കാണാനാവുന്ന ട്രൻഡ്.