കൊല്ലം: അഞ്ചലിൽ ഭർത്താവ് മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയെ ആദ്യ തവണ പാമ്പ് കടിപ്പിച്ച സംഭവത്തിൽ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അണലിയുടെ കടിയേറ്റ് ഉത്ര ഒന്നരമാസത്തിലേറെ ചികിത്സയിൽ കഴിഞ്ഞ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടർമാരിൽ നിന്നാണ് ചികിത്സാ വിവരങ്ങളും, ഉത്രയുടെ ശരീരത്തിൽ കാണപ്പെട്ട മുറിവുകളും സംബന്ധിച്ച വിവരങ്ങൾ തേടിയത്. അണലിയുടെ കടിയേറ്റ് മണിക്കൂറുകൾ കഴിഞ്ഞാണ് ഉത്രയ്ക്ക് ചികിത്സ നൽകിയതെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി. ചികിത്സ വൈകിപ്പിച്ചത് അപായപ്പെടുത്തണമെന്ന ഉദ്ദേശത്താലായിരിക്കാമെന്ന സംശയവുംഇവർ ഉന്നയിച്ചു.
പാമ്പ് കടിയെ തുടർന്ന് ഉത്രയുടെ കാലിൽ കാണപ്പെട്ട മുറിവുകളുടെ സ്ഥാനം സംശയം ജനിപ്പിച്ചിരുന്നുവെന്നും, എന്നാൽ വീട്ടുകാരാരും അത്തരം ഒരു സംശയം ഉന്നയിച്ചിരുന്നില്ല. പാമ്പിനെ ഉപയോഗിച്ച് ആളെ കൊല്ലാൻ ശ്രമിക്കുമെന്നും ചിന്തിച്ചില്ല. കണങ്കാലിന് മുകളിലും മുട്ടിന് താഴെയുമായുള്ള കടിയാണ് സംശയത്തിനിടയാക്കിയത്. വീടിന് പുറത്ത് വച്ച് കടിയേറ്റതായാണ് ഉത്രയെ ആശുപത്രിയിലെത്തിച്ചവർ പറഞ്ഞത്. നടന്നുപോകുന്ന ഒരാളെ അണലി കടിച്ചാൽ കാലിൽ അത്രയും ഉയരത്തിൽ കടിയേൽക്കാറില്ല.
സ്വാഭാവികമായി അണലി കാലിനു മുകളിലേക്കു കയറി കടിക്കില്ല. എന്നാൽ ഉത്രയുടെ കാലിന്റെ ചിരട്ടഭാഗത്തിന് മുകളിലും, മുട്ടിന് താഴെയുമാണ് കടിയേറ്റത്. ഇതു സംശയം ജനിപ്പിക്കുന്നതാണ്. സൂരജ് അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചുവെന്നതിനു നിർണായക തെളിവാണ് ഡോക്ടർമാരുടെ മൊഴി. നാലു ഡോക്ടർമാരുടെയും മൊഴി പ്രത്യേകം പ്രത്യേകമായാണ് രേഖപ്പെടുത്തിയത്. അത്യാഹിത വിഭാഗത്തിൽ ഉത്രയെ പ്രവേശിപ്പിച്ചപ്പോൾ പരിശോധിച്ച ഡോക്ടർ, അഡ്മിറ്റ് ചെയ്ത ഡോക്ടർ, പാമ്പിൻ വിഷം തിരിച്ചറിഞ്ഞ് ചികിത്സിച്ച ഡോക്ടർമാർ എന്നിവരുടെ മൊഴികൾ കേസിൽ നിർണായകമാണ്.
ഉത്രയ്ക്ക് നൽകിയ മരുന്നുകളും, ചികിത്സയുടെ വിശദാംശങ്ങളും, ആശുപത്രിയിലെ ചികിത്സാ രേഖകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം തിരുവല്ലയിൽ നിന്ന് ശേഖരിച്ചു. ഉത്ര ചികിത്സയിൽ കഴിഞ്ഞ ദിവസങ്ങളിൽ സൂരജിന്റെയും കുടുംബത്തിന്റെയും നീക്കങ്ങൾ നിരീക്ഷിക്കാനായി ആശുപത്രിയിലെ സിസി.ടിവി ക്യാമറകളുടെ ദൃശ്യങ്ങളും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ദൃശ്യങ്ങൾ ക്യാമറയിൽ നിന്ന് ശേഖരിക്കും.
തിരുവല്ലയിലെ ഡോക്ടർമാർക്ക് പുറമേ പാമ്പ് കടിയേറ്റ ഉത്രയെ ആദ്യം പ്രവേശിപ്പിച്ച അടൂർ ഗവ.ആശുപത്രി ഡോക്ടർമാരിൽ നിന്നുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കും.ഇവിടെ ഉത്രയെ പ്രവേശിപ്പിച്ച സമയം കേസിൽ നിർണായകമാണ്. പാമ്പ് കടിയേറ്റ് എത്രസമയം കഴിഞ്ഞാണ് ചികിത്സ നൽകിയതെന്ന് തെളിയിക്കാൻ ഇത് ഉപകരിക്കും. ഉത്രയുടെ സ്വർണം സൂക്ഷിച്ച അടൂരിലെ ബാങ്ക് ശാഖയിലും തെളിവെടുപ്പു നടത്തി. ലോക്കറിൽ നിന്ന് സൂരജ് സ്വർണം പുറത്തെടുക്കുന്ന സിസിടിവി ദൃശ്യങ്ങളും, രേഖകളും ശേഖരിച്ച അന്വേഷണ സംഘം ഇടപാടുകളുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജരുടെയും ലോക്കറിന്റെ ചുമതല വഹിച്ചിരുന്നവരുടെയും മൊഴികൾ രേഖപ്പെടുത്തി. ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സൂരജിനെയും ഇയാൾക്ക് പാമ്പിനെ കൈമാറിയ സുഹൃത്ത് സുരേഷിനെയും കൊവിഡ് പരിശോധനാഫലം പുറത്തുവന്നാലുടൻ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വാങ്ങും. കൊട്ടാരക്കര ജയിലിൽ ഫോർമൽ അറസ്റ്റിനുശേഷം നിരീക്ഷണത്തിൽ തുടരുന്ന ഇവരെ വരുന്നയാഴ്ച കസ്റ്റഡിയിൽ വിട്ടുകിട്ടുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.