crocodile

സോൾ : സൗത്ത് കൊറിയയിലെ സാച്ചിയോണിലെ ഒരു കൂറ്റൻ പാറയിൽ പതിഞ്ഞിരുന്ന ആ കാൽപ്പാടുകൾ അവരുടേതായിരുന്നുവെന്നാണ് പാലിയെന്റോളജിസ്റ്റുകൾ പറയുന്നത്. ഇന്നത്തെ മുതലകളുടെ പൂർവികരായിരുന്ന രണ്ടു കാലിൽ നടന്നിരുന്ന കൂറ്റൻ മുതല മുത്തച്ഛൻമാരുടേത്.! ഇതാദ്യമായാണ് ഗവേഷകർ കോടാനുകോടി വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഈ ജീവികളുടെ കാൽപ്പാടുകൾ കണ്ടെത്തുന്നത്.

18 സെന്റീമീറ്റർ മുതൽ 24 സെന്റീമീറ്റർ വരെ നീളമുണ്ട് ഓരോ കാൽപ്പാടിനും. അതായത് ഏകദേശം 10 അടിയോളം നീളം അന്നത്തെ മുതല ഭീന്മാർക്ക് ഉണ്ടായിരുന്നു. ഇന്നത്തെ മുതലകളെയും ചീങ്കണ്ണികളെയും പോലെ നാല് കാലുകൾ ഇക്കൂട്ടർക്കും ഉണ്ടായിരുന്നു. എന്നാൽ പിറകിലെ ജോടി കാലുകൾക്ക് നീളം കൂടുതലും, അവയ്ക്ക് നടക്കാൻ ശേഷിയുമുണ്ടായിരുന്നു.

സൗത്ത് കൊറിയയുടെ പല ഭാഗങ്ങളിലും ഈ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ചരിത്രാധീത കാലത്ത് ജീവിച്ചിരുന്ന ഭീമൻ റ്റെറോസോറസ് എന്ന പറക്കാൻ കഴിവുള്ള ഉരഗങ്ങളുടേതാകാം ഈ കാൽപ്പാടുകൾ എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ഇത് റ്റെറോസോറസുകളുടേതല്ലെന്നും, മുതലകളുടെ പൂർവികരുടേതാകാമെന്നുമാണ് അമേരിക്കൻ, സൗത്ത് കൊറിയൻ ഗവേഷകർ പറയുന്നത്.

ബാറ്റ്രാകോപസ് ഗ്രാൻഡിസ് എന്നാണ് ഇക്കൂട്ടർക്ക് നൽകിയിരിക്കുന്ന പേര്. ഏകദേശം 100 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണ് ഇവർ ഭൂമിയിൽ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. ഇന്നത്തെ മുതലകളെ പോലെ വെള്ളത്തിൽ അല്ലായിരുന്നു ഇക്കൂട്ടരുടെ വാസം. ബാറ്റ്രാകോപസ് ഗ്രാൻഡിസ് പ്രധാനമായും കരയിലാണ് ജീവിച്ചിരുന്നത്. രണ്ട് കാലുകളിൽ നടക്കാൻ സാധിക്കുന്ന ഇവയ്ക്ക് നാല് കാലിലും നടക്കാൻ സാധിച്ചിരുന്നു. ക്രിറ്റേഷ്യസ് യുഗത്തിൽ ജീവിച്ചിരുന്ന ഇവരുടെ ഫോസിലുകളൊന്നും കണ്ടെത്തിയിട്ടില്ല. ഏകദേശം 250 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മീസോസോയിക് യുഗത്തിന്റെ ആരംഭം മുതൽ തന്നെ രണ്ട് കാലിൽ നടക്കുന്ന മുതലകളുടെ വിഹാര കേന്ദ്രമായിരുന്നു ഭൂമിയെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.