വാഷിംഗ്ടൺ: കൊവിഡ് മാരകമായി ബാധിച്ചതിനെ തുടർന്ന് ഇരു ശ്വാസകോശങ്ങളും തകരാറിലായ അമേരിക്കൻ യുവതിക്ക് പുതുജീവൻ. ആ രക്ഷാദൗത്യത്തിന് ചുക്കാൻ പിടിച്ചതോ, അങ്കിത് ഭാരത് എന്ന ഇന്ത്യൻവംശജനായ ഡോക്ടറും സംഘവും. അങ്കിതും സംഘവും നടത്തിയ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായതോട് 20 കാരിക്ക് പുതുജീവനായി.
കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്ന ആദ്യത്തെ ശ്വാസകോശ മാറ്റിവെക്കൽ ശസ്ത്രക്രിയയാണിത്. പെൺകുട്ടിയുടെ ജീവൻ അപകടത്തിലായിരുന്നു. ശ്വാസകോശം മാറ്റിവെച്ചില്ലായിരുന്നുവെങ്കിൽ അവൾക്ക് ജീവൻ നഷ്ടമായേനെ എന്നും ചിക്കാഗോയിലെ നോർത് വെസ്റ്റേൺ മെഡിസിൻ അറിയിച്ചു.
‘ഞാൻ ഇതുവരെ ചെയ്തതിൽ ഏറ്റവും സങ്കീർണ്ണവും വെല്ലുവിളിയേറിയതുമായ ട്രാൻസ്പ്ലാന്റ് സർജറിയായിരുന്നു അത്. കൊവിഡ് 19 വൈറസ് ഏറ്റവും മോശമായി ബാധിക്കുന്ന രോഗികൾക്ക് ഇനി അവയവം മാറ്റിവെക്കൽ നിർബന്ധിതമാവുന്ന സാഹചര്യം വന്നേക്കാമെന്നും തൊറാസിക് സർജറി തലവനും നോർത്ത് വെസ്റ്റേണിലെ ശ്വാസകോശ മാറ്റിവെക്കൽ പ്രോഗ്രാമിന്റെ ഡയറക്ടറുമായ അങ്കിത് ഭാരത് വ്യക്തമാക്കി. ഈ രോഗം മൂലം ചില രോഗികളുടെ ശ്വാസകോശത്തിന് കൂടുതൽ അപകടം ഉണ്ടായേക്കാം.. അത്തരം സാഹചര്യങ്ങളിൽ ശ്വാസകോശം മാറ്റിവയ്ക്കൽ അല്ലാതെ മറ്റൊരു വഴിയില്ല." -അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് 26ന് ആസ്ട്രിയയിലാണ് കൊവിഡ് രോഗിയുടെ ജീവൻ രക്ഷിക്കാനായി ലോകത്തെ ആദ്യ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. 45കാരിയായ സ്ത്രീയായിരുന്നു അന്ന് കൊവിഡിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെവന്നത്.