റിയാദ്: ഗൾഫിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. സൗദിയിൽ കൊവിഡ് മരണവും രോഗികളുടെ എണ്ണവും കുത്തനെ ഉയരുന്നത് വലിയ ആശങ്ക ഉയർത്തുന്നു. ആകെ മരണങ്ങളിൽ പകുതിയിലധികവും സൗദിയിലാണ്. അതേസമയം, യു.എ.ഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത് ആശ്വാസമാണ്.
ജനുവരി 29 ന് യു.എ.ഇയിലാണ് ഗൾഫിൽ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചത്. 102 ദിവസം പിന്നിട്ടപ്പോൾ രോഗബാധിതരുടെ എണ്ണം ഒരുലക്ഷമായി. ഒരുലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷത്തിലേക്കെത്തിയത് 16 ദിവസം കൊണ്ടാണ്. അതേസമയം, സൗദിയിൽ തുടർച്ചയായ ഒൻപതാം ദിവസവും 30 ൽ അധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ആശങ്കജനകമാണ്. ഗൾഫിൽ ആകെ മരിച്ച 1614 പേരിൽ 857 പേരും സൗദിയിലാണ്. 1738 പേരാണ് രാജ്യത്ത് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. തുടർച്ചയായ ആറാം ദിവസവും സൗദിയിൽ രോഗബാധിതരുടെ എണ്ണം മൂവായിരത്തിലധികമാണ്. യു.എ.ഇയിൽ പ്രവാസികളും സ്വദേശികളും അടക്കം 90ലക്ഷത്തോളം പേർക്കും പരിശോധന നടത്താനൊരുങ്ങുകയാണ് ആരോഗ്യമന്ത്രാലയം.
ഇരുകയ്യും നീട്ടി യു.എ.ഇ
കൊവിഡിനെ തുടർന്ന് പ്രവാസികൾക്ക് നാട്ടിലേക്ക് തിരിച്ചുപോകുന്നതിന് സൗകര്യമൊരുക്കുന്നതിനൊപ്പം, മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതമോതി യു.എ.ഇ. മറ്റ് രാജ്യങ്ങളിൽ നിന്ന് രണ്ടുലക്ഷം പേരെ യു.എ.ഇയിൽ എത്തിക്കാനാണ് പദ്ധതിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി റസിഡന്റ് വിസക്കാർക്ക് യു.എ.ഇയിലേക്ക് മടങ്ങിയെത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതുവരെ 31,000 പേർ തിരിച്ചെത്തി. അടുത്ത ദിവസങ്ങളിലായി കൂടുതൽ പേർക്ക് അനുമതി നൽകും. ഈ മാസം ഒന്നുമുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്.