വാഷിംഗ്ടൺ: കൊവിഡ് മൂലം രാജ്യത്തെ തൊഴിലില്ലായ്‌മ രൂക്ഷമായതിനാൽ, എച്ച്1ബി അടക്കമുള്ള തൊഴിൽ വിസകൾ നിറുത്തലാക്കാനൊരുങ്ങി അമേരിക്ക. വിസ നിറുത്തലാക്കുന്നതോടെ ഇന്ത്യക്കാർ അടക്കം നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. ഐ.ടി പ്രൊഫഷണലുകളെയും ഇത് ദോഷകരമായി ബാധിക്കും.
ഒക്ടോബർ ഒന്നിനാണ് അമേരിക്കയിൽ പുതിയ സാമ്പത്തിക വർഷം തുടങ്ങുന്നത്. പുതിയ വിസകൾ അനുവദിക്കുന്നതും ഈ കാലയളവിലാണ്. അന്ന് വിസ പുതുക്കുന്നത് നിറുത്താനാണ് നീക്കം. വിസ സസ്പെൻഷൻ പിൻവലിക്കാതെ എച്ച് 1ബി വിസയുള്ള വിദേശികൾക്ക് അമേരിക്കയിലേക്ക് തിരികെ പ്രവേശിക്കാനാകില്ല. നിലവിൽ അമേരിക്കയിലുള്ളവരെ ഇതു ബാധിച്ചേക്കില്ല. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് സാധാരണയായി എച്ച്1ബി വിസ അനുവദിക്കാറുള്ളത്. കൊവിഡ് വ്യാപനത്തെ തുടർന്ന് എച്ച്1 ബി വിസയിലുള്ള ഒട്ടേറെ ഇന്ത്യക്കാർ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. എച്ച്1ബി വിസയ്ക്ക് കൊണ്ടുവരുന്ന നിയന്ത്രണം എച്ച് 2ബി വിസയ്ക്കും ബാധകമാണ്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.