തിരുവനന്തപുരംഃ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും, എസ്.ബി.ഐ മുൻ ഡെപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന കെ.ജയമോഹൻ തമ്പിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മകൻ അശ്വിന് പൂജപ്പുരയിലെ ജയിൽ വകുപ്പിന്റെ ക്വാറന്റൈൻ സെന്ററിൽ സുഖനിദ്ര യും സുഭിക്ഷ ഭക്ഷണവും. പൂജപ്പുര എൽബിഎസ് എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ സജ്ജമാക്കിയ ക്വാറന്റൈൻ സെന്ററിൽ മറ്റ് രണ്ട് പ്രതികൾക്കൊപ്പം ജയിൽ ഉദ്യോഗസ്ഥരുടെ കാവലിലാണ് അശ്വിൻ.
കൊവിഡ് ലക്ഷണങ്ങളോ പനിയോ ഇല്ലെന്ന് ഉറപ്പാക്കിയെങ്കിലും, കൊവിഡില്ലെന്ന് സ്ഥിരീകരിക്കാൻ സ്രവപരിശോധനാ സാമ്പിൾ കൂടി ശേഖരിച്ച അശ്വിനെ ഇന്നലെയാണ് ക്വാറന്റൈൻ കേന്ദ്രത്തിലെത്തിച്ചത്. രാത്രിവരെ ആരോടും സംസാരിക്കാനോ ഒന്നിലും ഇടപെടാനോ കൂട്ടാക്കാതെ നിശബ്ദനായി കഴിഞ്ഞ അശ്വിൻ, രാത്രി ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് നൽകിയ ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങി. നേരം പുലർന്നശേഷമാണ് ഉണർന്നത്.
ചായയും പ്രഭാത ഭക്ഷണവും കഴിച്ചശേഷം ഇന്ന് ഉച്ചവരെയും അശ്വിൻ ഉറക്കത്തിലായിരുന്നു. ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ, മദ്യം മാത്രം കഴിച്ച അശ്വിൻ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് നൽകിയ ഭക്ഷണം മുഴുവൻ കഴിച്ചു. ജയിലുദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയെങ്കിലും,അധികമാരോടും ഇടപഴകാൻ ഇഷ്ടപ്പെടാതെ മൗനത്തിലാണ് അശ്വിൻ. മദ്യംകിട്ടാത്തതിന്റെ പരിഭ്രാന്തിയോ, അക്രമവാസനയോ പ്രകടിപ്പിക്കുന്നുണ്ടോയെന്നറിയാൻ അശ്വിനെ ജയിൽ ജീവനക്കാർ സൂക്ഷ്മ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ക്വാറന്റൈൻ കേന്ദ്രത്തിലായതിനാൽ സന്ദർശകരെയൊന്നും അനുവദിക്കാറില്ല.കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഉറപ്പു വരുത്തിയ ശേഷം അശ്വിനെ ജില്ലാ ജയിലിലേക്കു മാറ്റും.
അറസ്റ്റിലാവുമ്പോൾ നാലു ദിവസമായി ഭക്ഷണം കഴിക്കാതെ മദ്യപിക്കുകയായിരുന്നുവെന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്. കൊലപാതകം നടന്ന മണക്കാട്ടെ വീട് പൊലീസ് മുദ്രവച്ചു. അശ്വിനെ കസ്റ്റഡിയിൽ വാങ്ങണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.