covid
COVID

വാഷിംഗ്ടൺ: ജോർജ് ഫ്ലോയിഡിന്റെ മരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭം അമേരിക്കയിൽ 17ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതിദിന മരണസംഖ്യ 4000 ന് മുകളിൽ വരെയെത്തിയ അമേരിക്കയിൽ മെയ് അവസാനത്തോടെ കേസുകളും മരണനിരക്കും കുറഞ്ഞിരുന്നു. എന്നാൽ, പ്രക്ഷോഭം വ്യാപകമായതോടെ കൊവിഡ് വീണ്ടും അമേരിക്കയിൽ വർദ്ധിക്കുകയാണ്. പ്രതിഷേധക്കാർ തെരുവുകളിൽ നിറഞ്ഞതോടെ രാജ്യത്ത് കൊവിഡിന്റെ രണ്ടാം വരവ് സാദ്ധ്യമാണെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെല്ലാം കൊവിഡ് പരിശോധനയ്‍ക്ക് വിധേയരാകണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ഓരോ നഗരത്തിലും ആയിരക്കണക്കിന് ആളുകളാണ് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. ഇത്രയധികം പേരെ പരിശോധനയ്ക്ക് വിധേയരാക്കുന്നത് പ്രായോഗികമല്ല. മാത്രമല്ല, പ്രതിഷേധം പലയിടത്തും കലാപമായി മാറുന്ന സാഹചര്യത്തിൽ പരിശോധനകൾ മിക്ക സംസ്ഥാനങ്ങളും നിറുത്തിവച്ചിരുക്കുകയാണ്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ മൂന്നിലൊന്നിലും നിലവിൽ കേസുകൾ വർദ്ധിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ടെക്സസ്, കാലിഫോർണിയ, ഫ്ലോറിഡ, അരിസോണ തുടങ്ങിയ ഇടങ്ങളിൽ കൊവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് മരണം രണ്ട് ലക്ഷം കടക്കുമെന്ന ഹാർവാഡ് സർവകലാശാലയുടെ റിപ്പോർട്ട് കൂടി പുറത്ത് വന്നതോടെ ആശങ്കയിലാണ് രാജ്യം. ആകെ മരണം - 20 ലക്ഷം. രോഗികൾ - 1.16 ലക്ഷം.

 ബ്രസീലിൽ എട്ട് ലക്ഷം രോഗികൾ

ലോക്ക്ഡൗൺ നിയന്ത്രണ ഇളവുകൾ കൂടി നിലവിൽ വന്നതോടെ ബ്രസീലിൽ കൊവിഡ് വ്യാപനം പാരമ്യത്തിൽ എത്തിയിരിക്കുകയാണ്. രോഗികൾ എട്ട് ലക്ഷം കവിഞ്ഞു. 41,058 പേർ മരിച്ചു. റഷ്യയിൽ ഇന്നലെയും 8000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന മരണം 180ൽ ഒതുങ്ങി. ആകെ മരണം - 6,715. രോഗികൾ - അഞ്ച് ലക്ഷം.

 ലോകത്താകെ മരണം - 4.24 ലക്ഷം

 രോഗികൾ - 76 ലക്ഷം

 ഭേദമായവർ - 38 ലക്ഷം

 ചൈനയിൽ ഇന്ന് ഏഴ് പുതിയ കേസുകൾ. രാജ്യത്ത് പ്രാദേശിക വ്യാപനം നടന്നതായി സംശയം. ഇന്നലെ രോഗം സ്ഥിരീകരിച്ച 52 കാരൻ രണ്ടാഴ്ചയിലേറെയായി ബീജിംഗിന് പുറത്ത് പോയിട്ടില്ല എന്നതാണ് ഇത്തരത്തിലൊരു സംശയം ഉയർന്നു വരാൻ കാരണം.
 അമേരിക്കൻ കമ്പനിയായ മോഡേണ വികസിപ്പിച്ച കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ജൂലായിൽ ആരംഭിക്കും.

 പാകിസ്ഥാനിൽ കൂടുതൽ കൊവിഡ് മരണങ്ങൾ ഉണ്ടായേക്കാമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാനിലെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ പാകിസ്ഥാൻ മുസ്‌ലിം ലീഗ് - നവാസ് അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹ്ബാസ് ഷെരീഫിന് കൊവിഡ്.

പുവർട്ടോ റിക്കോയിൽ ബീച്ചുകളും ജിമ്മുകളും തുറക്കും.

 മാൽദ്വീവിസിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ്.

 ദക്ഷിണ കൊറിയയിൽ 56 പുതിയ കേസുകൾ. ഒരു മരണം.