നട്ടുച്ച. മറൈൻ ഡ്രൈവിലെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ഷെയ്ൻ നിഗം കൊച്ചി കായലിലേക്ക് നോക്കി.മലയാളത്തിന്റെ യുവതാരമായി മാറിയ ഷെയ്ൻ ഏറെ കരുതലോടെയാണ് മുന്നേറുന്നത് . കായലിൽ തന്നെ കണ്ണ് എറിഞ്ഞ് ഷെയ്ൻ നില്പ് തുടരുകയാണ്.അപ്പോൾ മറൈൻ ഡ്രൈവിലെ നിരത്തിലൂടെ വാഹനങ്ങൾ മുട്ടിയുരുമ്മി പതിവുപോലെ പോയി.മനോഹരമായ ഒരു ചിരി തന്നു ഷെയ്ൻ സംസാരിച്ചു തുടങ്ങി.
ലാളിത്യത്തോടെയാണ് കഥാപാത്രങ്ങളെസമീപിക്കുന്നതെന്ന് തോന്നുന്നു?
ഇതുവരെയുള്ള കഥാപാത്രങ്ങളും എന്റെ രീതിയും കണ്ടിട്ടാവും അങ്ങനെ തോന്നുന്നത്. ചെയ്യുന്നത് കൃത്യമായി വരണമെന്ന് ആഗ്രഹിച്ചാണ് ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.എന്തെങ്കിലുമാവട്ടെ എന്നു കരുതി ചെയ്യാറില്ല.കഴിയുംവിധം നന്നാക്കാൻ ശ്രമിക്കാറുണ്ട്.ആ സമയവും സാഹചര്യവും സ്ഥലവും നോക്കിയാണ് ചെയ്യുക .ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ പിന്നീട് കണ്ടപ്പോൾ ഇതിലും നന്നാക്കാമായിരുന്നെന്ന് തോന്നിയിട്ടുണ്ട്.എന്നാൽ ശരിയായി തന്നെയാണ് അവതരിപ്പിച്ചതെന്ന് അടുത്ത നിമിഷം തോന്നുകയും ചെയ്യും.അങ്ങനെ വിശ്വസിക്കും.അതിനേ കഴിയൂ.
ഷെയ് നിന്റെ സിനിമയ് ക്കുവേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണല്ലേ?
വലിയ ഉത്തരവാദിത്വമാണെന്ന് ചില സമയത്ത് തോന്നാറുണ്ട്. ഒരുപാട് കാര്യങ്ങൾ ചിന്തിക്കാൻ പോകുമ്പോഴാണ് പ്രശ്നം. നടക്കേണ്ട കാര്യങ്ങൾ കൃത്യമായി സംഭവിക്കുന്നു.പോസിറ്റീവായി കരുതിയാൽ എല്ലാം അതിന്റെ വഴിയേ നടക്കും.ഇങ്ങനെയെല്ലാം ആവണമെന്നത് അങ്ങനെയായശേഷമാണ് നമ്മൾ അറിയുന്നത്.അപ്പോൾ ഇവിടെ എത്തിയല്ലോ എന്നതിന്റെ ആശ്വാസം തോന്നും. ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഐഡിയലല്ലെന്ന് കരുതാനാണ് ഇഷ്ടം.അതിൽ നല്ലതും അല്ലാത്തതും ഉണ്ടാവും.അവിടെ നമ്മൾ നിസഹായരാണ്. വീഴ്ച ഉണ്ടാവാതിരിക്കാൻ കഴിയും വിധം ശ്രദ്ധിക്കാറുണ്ട്.എന്നാൽ ഭയങ്കരമായി ശ്രദ്ധിക്കാൻ തുടങ്ങിയാൽ ടെൻഷനടിച്ച് വേറൊരു അവസ്ഥയിൽ ആവും. മുൻപ് ഭയങ്കര ടെൻഷൻ അനുഭവിച്ചിട്ടുണ്ട്.ടെൻഷൻ നേരിടുന്നതു കൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്ന് അപ്പോൾ തിരിച്ചറിഞ്ഞു.ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക.അതേ സാദ്ധ്യമാകൂ.ടെൻഷൻ തോന്നിയാൽ ചെയ്യുന്ന ജോലി വൃത്തിയാവില്ല.
നല്ല വൃത്തിയുള്ള ഷെയ് നിനെയാണ് ഇഷ് ക് സിനിമയിൽ കണ്ടത്.ആദ്യമാണ് ഈ കാഴ്ച?
കുമ്പളങ്ങി നൈറ്റ്സ് വരെ ഞാൻ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തനാണ് ഇഷ് കിലെ സച്ചി. അയാൾ ഐ.ടി രംഗത്ത് ജോലി ചെയ്യുന്ന ആളാണ്.അതിന്റെ വൃത്തിയും മെനയുമൊക്കെയുണ്ട്.ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആദ്യമാണ്. മുടി നീട്ടി വളർത്തി അത്യാവശ്യം പ്രാരാബ്ധമുള്ള കഥാപാത്രങ്ങളിലാണ് നേരത്തേ എന്നെ കണ്ടിട്ടുള്ളത്.സച്ചി എന്ന കഥാപാത്രമായി ഞാൻ വന്നപ്പോൾ പ്രേക്ഷകർക്ക് പുതുമ അനുഭവപ്പെട്ടു.അവർക്ക് അത് പുതിയ കാഴ്ചയുമാണ്.എന്നാൽ എനിക്ക് അങ്ങനെ തോന്നിയില്ല.സജിയെ പോലെ സച്ചിയെയും പ്രേക്ഷകർ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം.എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രമാണ് സച്ചി. പല വെല്ലുവിളികളും ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്നു.പല ദിവസങ്ങളിലും രാത്രിയിൽ ഷൂട്ടുണ്ടായിരുന്നു.സ്ളീപ്പിംഗ് ഡിസോഡർ സംഭവിച്ചു.അതിനെയെല്ലാം തരണം ചെയ്താണ് സച്ചിയെ അവതരിപ്പിച്ചത്.ആ രീതിയിൽ സച്ചിയോട് ഇഷ്ടക്കൂടുതലുണ്ട്.ഇഷ്ക് നേടിയ വിജയം കാണുമ്പോൾ കഷ്ടപ്പാടിന് ഗുണം ഉണ്ടായി എന്ന സന്തോഷമാണ് മനസ് നിറയെ
എനിക്ക് അഭിനയിക്കണമെന്ന് ആരോടെങ്കിലും പറഞ്ഞിരുന്നോ?
ആരോടും പറഞ്ഞില്ല. അതാണ് സത്യം.ഞാൻ വളർന്ന സാഹചര്യമാവാം അതിനു കാരണം. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ കൂട്ടുകാരെവച്ച് ഷോർട്ട് ഫിലിമുകൾ ചെയ്തു. കാമറയ്ക്ക് പിന്നിൽനിന്നു കൊണ്ട് സിനിമയിൽ വരാൻ ആഗ്രഹിച്ചു.സിനിമകൾ കാണുമായിരുന്നു.അഭിനയം ഉള്ളിന്റെ ഉള്ളിൽ എവിടെയെങ്കിലും ഉണ്ടാവാം.സിനിമാട്ടോഗ്രഫറാകാൻ ആഗ്രഹമുണ്ടായിരുന്നു.അത് ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്.കാമറയിലൂടെയുള്ള കാഴ്ചകൾ മനോഹരമാണ്.
ഒട്ടും പ്ളാനിംഗില്ലാത്ത വ്യക്തിയാണെന്ന് തോന്നുന്നു?
അല്പം കുറവാണ്. എന്റെ ജീവിതത്തിൽ പ്ളാനിംഗില്ലാതെയാണ് പലതും നടക്കുന്നത്.ചില കാര്യങ്ങൾക്ക് പ്ളാനിംഗ് വേണമെന്ന് തോന്നാറുണ്ട്. സിനിമയുടെ ഡേറ്റ്, ഷെഡ്യൂൾ, മീറ്റിംഗ് എന്നീ കാര്യങ്ങൾക്കുവേണ്ടി ഒരാളെ കൂടെ കൂട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ പ്ളാനിംഗില്ലെങ്കിൽ നമ്മളെ സമീപിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാവും.അത് പാടില്ല. പ്ളാനിംഗ് വേണമെന്ന രീതിയിലേക്ക് മാറി കൊണ്ടിരിക്കുന്നു. കോളേജ് ജീവിതം കഴിയുന്നതിനു തൊട്ടുമുൻപ് ഒരു ദിവസം തീരെ പ്ളാനിംഗില്ലാതെ സിനിമയിൽ വരുകയായിരുന്നു. ആ സമയത്ത് അങ്ങനെ കാര്യങ്ങൾ നടന്നു.സിനിമയിൽ എത്തിയ ശേഷമാണ് പ്ളാനിംഗിനെക്കുറിച്ചും മറ്റും അറിയുന്നത്. പ്ളാനിംഗില്ലാത്തതിന്റെ പ്രശ്നം ഇപ്പോഴുമുണ്ട്.അത് പരിഹരിച്ച് വരുന്നു.
കഥാപാത്രങ്ങളെല്ലാം സാധാരണക്കാരാണ്. ഷെയ്നും അതേ പോലെയാണോ?
സാധാരണക്കാരന്റെ ജീവിത സാഹചര്യവുമായി ചേർന്ന് നിൽക്കുന്ന ആളാണ് ഞാൻ.അല്ലാത്ത ആളുകളെയും അറിയാം. ഇതിനു രണ്ടിനുമിടയിലാണ് എന്റെ സ്ഥാനം. രണ്ടിടത്തും എനിക്ക് സുഹൃത്തുക്കളുണ്ട്. അവരുടെ ചില അംശങ്ങൾ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ വന്നു ചേരും.അത് ഗുണം ചെയ്യാറുണ്ട്.കഥാപരമായി മനസിലാക്കിയാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .നമ്മൾ ആ കഥാപാത്രമായി മാറുന്നു.സിനിമാറ്റിക്കായി പറയേണ്ട കാര്യങ്ങളുമുണ്ട്.അതിലേക്കാണ് കഥാപാത്രത്തെ കൊണ്ടുവരേണ്ടത്.എങ്കിൽ മാത്രമേ പൂർണത ഉണ്ടാവൂ.പല സമയത്തും എന്തെങ്കിലും പ്രശ്നം ഉണ്ടാവാം.കഥാപാത്രമായി മാറുമ്പോൾ എനിക്ക് അതു തോന്നാറുണ്ട്. എന്നാൽ പ്രേക്ഷകന് തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല.പോരായ്മ സാവധാനം തിരുത്താനേ കഴിയൂ.എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തി ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.ഒരു ദിവസം അതു സംഭവിക്കുമെന്ന് മനസ് പറയുന്നു.
നടക്കാതെ പോയ ആഗ്രഹങ്ങളുണ്ടോ?
ഒന്നുമില്ല.നടക്കാൻ സാദ്ധ്യതയുള്ള ആഗ്രഹങ്ങളേയുള്ളൂ ഇപ്പോഴും.എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ.
വീട്ടിലെ ഏക ആൺകുട്ടിയാണ്.
ഉത്തരവാദിത്വം ഏറെയല്ലേ?
ആദ്യം നമുക്ക് നമ്മോടു തന്നെ ഉത്തരവാദിത്വം വേണം. നമ്മോടുള്ള ഇഷ്ടവും സ്നേഹവും നഷ്ടപ്പെടാൻ പാടില്ല.അങ്ങനെ സംഭവിച്ചാൽ ഉത്തരവാദിത്വവും ചെയ്യുന്ന ജോലിയോടുള്ള സമീപനവുമെല്ലാം താളം തെറ്റും.നമുക്ക് നമ്മോടുള്ള സ്നേഹം നഷ്ടപ്പെടാതിരിക്കാൻ പടച്ചോൻ നിശ്ചയിച്ച വഴിയിലൂടെ സഞ്ചരിക്കാൻ കഴിയണം.എങ്കിൽ മാത്രമേ അത് ശരിയാവൂ.അല്ലാതെ മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചാൽ യാത്രയിൽ തടസം നേരിടാം.നമ്മൾ പോസിറ്റീവായി നീങ്ങിയാൽ നല്ലതു മാത്രമേ സംഭവിക്കൂ.അത് മറ്റൊരു പോരാട്ടമാണ്.നമ്മൾ നമ്മോടു തന്നെ നടത്തുന്ന പോരാട്ടം.അവിടെയാണ് നമ്മൾ ജയിക്കേണ്ടത്.ബാക്കി തനിയേ വരേണ്ടതാണ്.അതിനുവേണ്ടി വാശി പിടിക്കേണ്ട ആവശ്യമില്ല.കൃത്യമായി അതിലേക്കു തന്നെ എത്തിച്ചേരും.