ഇന്ത്യയിലെ കോടീശ്വരൻമാരുടെ പേര് കൊച്ചു കുട്ടിയോട് ചോദിച്ചാലും ആദ്യം കേൾക്കുന്നത് അംബാനിയുടെ പേരാവും. സാധാരണക്കാർക്ക്, ഭാഗ്യം സിദ്ധിച്ച കോടീശ്വരനാണ് അദ്ദേഹമെങ്കിൽ ബിസിനസ് മേഖലയിലുള്ളവർ അംബാനിയെ സ്തുതിക്കുന്നത് മികച്ച ആശയങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ അറിയാവുന്ന വ്യവസായി എന്ന പേരിലാവും. ലോക്ക് ഡൗൺ കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യവസായങ്ങൾ തകർന്നടിഞ്ഞപ്പോൾ രാജ്യത്തിന് പോലും അഭിമാനമായ സ്ഥാപനമാണ് മുകേഷ് അംബാനിയുടെ ജിയോ. ഫേസ്ബുക്ക് ഉൾപ്പടെ അഞ്ചോളം വിദേശ കമ്പനികൾ തങ്ങളുടെ നിക്ഷേപം സുരക്ഷിതമാക്കാൻ കണ്ടെത്തിയത് അംബാനിയുടെ ജിയോയെയാണ്. പെട്രോളിയം ഉത്പാദന ശുദ്ധീകരണ മേഖലകളിൽ ശ്രദ്ധയൂന്നിയ അംബാനിയെ ടെലികോം രംഗത്തിലേക്ക് നിക്ഷേപിക്കുവാനും, വൻമരങ്ങളായി വളർന്ന എതിരാളികളെ ഒതുക്കി സ്വന്തം ബ്രാൻഡിനെ വടവൃക്ഷമാക്കി വളർത്താനും സഹായിച്ചത് നാൽപ്പത് വർഷമായി അംബാനിക്കൊപ്പമുള്ള മനോജ് മോദി എന്ന മിടുക്കനാണ്.
പേരിൽ മോദിയെന്നുണ്ടെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രിയുമായി മനോജ് മോദിക്ക് രക്തബന്ധമൊന്നുമില്ല. കോർപ്പറേറ്റ് അധികാരത്തിന്റെ ചവിട്ടുപടികൾ കയറുവാനായി വിദേശ സർവകലാശാലകളിൽ നിന്നെടുത്ത ബിരുദങ്ങളുടെ ഭാരമൊന്നും ഇദ്ദേഹത്തിനില്ല. അനുഭവങ്ങളെ പാഠമാക്കി അംബാനിയുടെ നിഴലായി പ്രസ്ഥാനത്തെ ലോകമറിയുന്ന തരത്തിൽ വളർത്തിയെടുക്കുന്നതിൽ മനോജ് മോദി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഫേസ്ബുക്ക് ഇൻകോർപ്പറേഷനുമായി 5.7 ബില്യൺ ഡോളറിന്റെ കരാർ നേടിയെടുത്തതിന് ശേഷമാണ് മാദ്ധ്യമങ്ങൾ പോലും ഇദ്ദേഹത്തിനെ കുറിച്ച് ശരിക്കും മനസിലാക്കിയത്. കോർപ്പറേറ്റ് ലോകത്തെ വിലപേശലുകളിൽ അംബാനിയുടെ വ്യവസായ സാമ്രാജ്യത്തിന്റെ മൂല്യം ശരിക്കും മനസിലാക്കി കൊടുക്കുന്ന ഇദ്ദേഹത്തിന് പക്ഷേ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ താത്പര്യമൊന്നുമില്ല. തിരശ്ശീലയ്ക്ക് പിന്നിലിരുന്ന ഇടപാടുകളുടെ കണക്കും കാര്യങ്ങളും വ്യക്തമായി മനസിലാക്കുന്ന ഇദ്ദേഹം നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ ഒരേ സമയം നിയന്ത്രിക്കുന്നു, അവർക്ക് പുതിയ അനുഭവ പാഠങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നു.
മനോജ് മോദിയെ കുറിച്ച് എയർ ഡക്കാൺ സ്ഥാപകനായ ജി. ആർ ഗോപിനാഥ് ഒരിക്കൽ പറഞ്ഞത് ഇപ്രകാരമാണ് അംബാനിയുടെ വ്യവസായ സാമ്രാജ്യത്തിൽ അദ്ദേഹം ഇടം നേടിയത് പകരം വയ്ക്കാനാവാത്ത വിശ്വാസം കൊണ്ടല്ല മറിച്ച് റിലയൻസ് ഇൻഡസ്ട്രീസിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ മിടുക്കും കഴിവുകളും കൊണ്ടാണ്'. മോദിയുടെ ഇടപെടലാൽ ലയനങ്ങളിലും ഏറ്റെടുക്കലുകളിലും റിലയൻസിന് സാധ്യമായ ഏറ്റവും മികച്ച കരാർ നേടാൻ കഴിയുമെന്നും ഗോപിനാഥ് അഭിപ്രായപ്പെട്ടിരുന്നു.
1980 മുതൽ മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി പെട്രോളിയം കമ്പനികൾ തുടങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴേ ഒപ്പമുണ്ടായിരുന്ന ചുരുക്കം ചിലരിൽ ഒരാളാണ് മോദി. മൂന്ന് തലമുറകളായി അംബാനി കുടുംബം വളർന്നപ്പോഴും നിഴലായി അദ്ദേഹം ഒപ്പമുണ്ട് വിശ്വസ്തതയുടെയും കഴിവിന്റെയും കരുത്തിൽ.