pic

തിരുവനന്തപുരം: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ 17 ന് വൈകിട്ട് 5ന് വീട്ടമ്മമാർ പ്രതീകാത്മകമായി വീടുകൾക്ക് മുന്നിൽ വൈദ്യുതി ബില്ല് കത്തിച്ച് പ്രതിഷേധിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ 756 വൈദ്യുതി ഓഫീസുകൾക്ക് മുമ്പിൽ 16ന് കോൺഗ്രസ് പ്രവർത്തകർ ധർണയും നടത്തും.കൊവിഡ് കാലത്തെ ഏറ്റവും വലിയ പകൽകൊള്ളയും പിടിച്ചുപറിയുമാണ് വൈദ്യുതി ബില്ലിന്റെ പേരിൽ സർക്കാരും വൈദ്യുതി ബോർഡും നടത്തിയതെന്ന് മുല്ലപ്പള്ളി പറഞ്ഞു.


വീടുകളിലെത്തി റീഡിംഗ് എടുക്കാതെ ഓഫീസുകളിൽ ഇരുന്ന് തോന്നിയ ബില്ല് നൽകിയാണ് ബോർഡ് സാധാരണ ജനങ്ങളെ ശിക്ഷിച്ചത്. മനുഷ്യപ്പറ്റില്ലാതെയും മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുമാണ് വൈദ്യുതി ബില്ല് നൽകിയത്. കംപ്യൂട്ടറിൽ ബിൽ റീസെറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കുന്നതിന് പകരം മുന്നിരട്ടിയോളം ഉയർന്ന ബില്ല് നൽകിയാണ് സർക്കാർ ജനങ്ങളെ ഷോക്കടിപ്പിച്ചത്. ബി.പി.എല്ലുകാർക്ക് മൂന്നുമാസത്തെ വൈദ്യുതി ചാർജ്ജ് പൂർണ്ണമായും സൗജന്യമാക്കാനും എ.പി.എൽ കാർഡുകാർക്ക് വൈദ്യുതി ചാർജ്ജ് 30 ശതമാനമായി കുറയ്ക്കാനും സർക്കാരും കെ.എസ്.ഇ.ബിയും തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.