mink
MINK

ആംസ്റ്റർഡാം: നെതർലാൻഡ്സിൽ രോമത്തിന് വേണ്ടി വളർത്തുന്ന ഒരിനം നീർനായ്ക്കളിലും (മിങ്ക്)കൊവിഡ് പടരുന്നതായി റിപ്പോർട്ട്. ഇവയെ വളർത്തുന്ന ഫാമിലെ രണ്ടു ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവായി. ഇതോടെ മൃഗങ്ങളിൽ നിന്ന് രോഗം പകരുന്നുവെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിരിക്കയാണ്. വുഹാനിൽ നിന്ന് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ലോകത്ത് ആദ്യമായാണിത്. ഇത് ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

നീർനായ്ക്കൾ കൊറോണ വൈറസിന്റെ സംഭരണകേന്ദ്രമാകുമെന്നും കൂടുതൽ മനുഷ്യരിലേക്കു രോഗം പടരുമെന്നും ആശങ്കയുള്ളതിനാൽ ആഴ്ചകൾ മാത്രം പ്രായമുള്ള നീർനായ്ക്കളെ ഉൾപ്പെടെ ആയിരക്കണക്കിന് നീർനായ്ക്കളെ കൊന്നൊടുക്കാൻ നെതർലാൻഡ്സ് സർക്കാർ ഉത്തരവിട്ടു. കാർബൺ മോണോക്‌സൈഡ് ശ്വസിപ്പിച്ചാണ് ഇവയെ കൊല്ലുന്നത്. കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അറിയിച്ചു.

പൂച്ച, നായ, കടുവ, കീരി, കുരങ്ങ് എന്നിവയ്ക്ക് കൊവിഡ് പകരാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇവയിൽ നിന്നു തിരിച്ചു മനുഷ്യരിലേക്കു പകരുമോ എന്നതിൽ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടില്ല.

ഏപ്രിൽ 23, 25 തീയതികളിലാണ് നെതർലാൻഡ്സിൽ നീർനായ്ക്കൾക്കു കൊവിഡ് പകർന്നതായി റിപ്പോർട്ട് വന്നത്. സാധാരണയിൽ കവിഞ്ഞ് ഇവ ചത്തു തുടങ്ങിയതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ചിലതിനു മൂക്കൊലിപ്പും ശ്വാസതടസവും ഉണ്ടായിരുന്നു. ഫാമിലെ കൊവിഡ് ബാധിതനായ ജീവനക്കാരനിൽ നിന്നാണ് ഇവയ്ക്ക് രോഗം പകർന്നതെന്നാണു കരുതുന്നത്. രാജ്യത്തെ 130 ഫാമുകളിൽ 12 ഇടത്ത് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രത്യേക അറകളിലാണ് നീർനായ്ക്കളെ വളർത്തുന്നതെങ്കിലും രോഗം അതിവേഗത്തിലാണു പടർന്നുപിടിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. നെതർലാൻഡ്സിൽ ആകെ അമ്പതിനായിരത്തോളം കൊവിഡ് കേസുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം മാത്രമാണ് നീർനായ ഫാമുമായി ബന്ധപ്പെട്ട് ഉണ്ടായത്. എങ്കിലും വരും മാസങ്ങളിൽ ഇതു വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന ആശങ്കയിലാണ് മൃഗങ്ങളെ കൊന്നൊടുക്കാൻ സർക്കാർ തീരുമാനിച്ചത്.

ചൈന, ഡെൻമാര്‍ക്ക്, പോളണ്ട് എന്നിവിടങ്ങളിലാണ് രോമത്തിന് വേണ്ടി ഇത്തരം നീർനായ്ക്കളെ കൂടുതലായി വളർത്തുന്നത്. പ്രതിവർഷം 60 ദശലക്ഷം നീർനായ്ക്കളെ രോമത്തിനായി കൊല്ലുന്നുണ്ട്. മൃഗസ്‌നേഹികളിൽ നിന്നു വ്യാപകമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്