indian-farmer-killed
INDIAN FARMER KILLED

പാട്ന: ബിഹാറിൽ നേപ്പാളുമായുള്ള അതിർത്തിപ്രദേശത്ത് നേപ്പാൾ പൊലീസ് നടത്തിയ വെടിവയ്പിൽ ബിഹാർ സ്വദേശിയായ കർഷകൻ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. സീതാമർഹി ജില്ലയോട് ചേർന്ന് ലാൽബണ്ടി - ജാനകി നഗർ അതിർത്തിയിലാണ് സംഭവം. പാടത്ത് പണിയെടുക്കുകയായിരുന്ന ഇന്ത്യൻ പൗരന്മാരും നേപ്പാൾ പൊലീസും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വെടിവയ്പ്പുണ്ടായെന്നാണ് വിവരം. വികേഷ് കുമാർ റായ് (25) ആണ് കൊല്ലപ്പെട്ടത്. ഉമേഷ് റാം, ഉദയ് താക്കൂർ എന്നിവർക്ക് പരിക്കേറ്റു.

ലഗൻ റായ് എന്നയാളെ നേപ്പാൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ സിതാമർഹി സർദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വികേഷ് കുമാർ റായിയുടെ പിതാവ് നാഗേശ്വർ റായിയുടെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലം നേപ്പാൾ അതിർത്തിയിലെ നാരായൺപൂരിലാണ്. വികേഷും സുഹൃത്തുക്കളും ഇവിടെ ജോലി ചെയ്യുകയായിരുന്നു. നേപ്പാൾ പൊലീസ് ഇവർക്ക് നേരെ 17 റൗണ്ട് വെടിയുതിർത്തതായാണ് വിവരം. മെയ് 17 ന് ഇതേ പ്രദേശത്ത് നേപ്പാൾ പൊലീസ് ഉണ്ടയില്ലാ വെടി ഉതിർത്തിരുന്നു. അതിർത്തി കടന്നെത്തിയ ഇന്ത്യാക്കാരെ തിരിച്ചയയ്ക്കാനാണ് വെടിവച്ചതെന്ന് നേപ്പാൾ പിന്നീട് വിശദീകരിച്ചു.

നേപ്പാളും ഇന്ത്യയും 1850 കിലോമീറ്റർ ദൂരം തുറന്ന അതിർത്തി പങ്കിടുന്നുണ്ട്. നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഇന്ത്യൻ പ്രദേശങ്ങളായ ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവിടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാപ്പ് നേപ്പാൾ പ്രസിദ്ധികരിക്കുകയും പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബിൽ കൊണ്ടുവരികയും ചെയ്തിരുന്നു.ഈ ബില്ലിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്.